വിധിയോട് പടവെട്ടി ഷിഫ്‌ന മറിയം നേടിയത് എ ഗ്രേഡ്

Posted on: January 19, 2017 6:44 am | Last updated: January 20, 2017 at 12:54 am
SHARE
ഷിഫ്‌ന മറിയം

കലാജീവിതത്തിന് എതിരു നിന്ന വിധിയോട് പടവെട്ടി ഷിഫ്‌ന മറിയം മിമിക്രിയില്‍ ഇത്തവണയും സംസ്ഥാന കലോത്സവ വേദിയിലെത്തി. ജന്മനാ അന്ധയും അപൂര്‍വ രോഗത്തിന് വിധേയയുമായ ഷിഫ്‌നാ മറിയം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തിലാണ് ഇത്തവണയും പങ്കെടുത്തത്.

അറ്റോണിക് ബ്ലാഡര്‍ ഫൗളേഴ്‌സ് സിന്‍ഡ്രം എന്ന അപൂര്‍വ രോഗമാണ് ഈ കലാകാരിയെ ബാധിച്ചിരിക്കുന്നത്. രോഗത്തിന്റെ അവശതകളെയെല്ലാം അതിജീവിച്ചാണ് ശബ്ദാനുകരണ കലയില്‍ ഷിഫ്‌ന വേദിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് എ ഗ്രേഡ് സ്വന്തമാ്ക്കിയത്. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ് ഷിഫ്‌ന. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഷിഫ്‌നക്ക് സെക്കന്‍ഡ് എ ഗ്രേഡ് തന്നെയാണ് ലഭിച്ചത്. ഇത്തവണ അപ്പീലിലൂടെയാണ് ജില്ലയില്‍ നിന്ന് സംസ്ഥാനത്തേക്കെത്തുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതിനെ തുടര്‍ന്ന് വീണ്ടും അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

കാഞ്ചനമാലയുടെ സംഭാഷണവും ഡയലര്‍ ടോണിന്റെയും ബിസി ടോണിന്റെയും ശബ്ദാനുകരണവും മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് ഷിഫ്‌ന ഒരു നിമിഷം കൊണ്ട് കാണികളുടെ നിറഞ്ഞ കൈയടി നേടി. മുന്‍ താരവും മിമിക്രിയില്‍ ഗവേഷകനുമായ കലാഭവന്‍ പ്രദീപ് ലാല്‍ ആണ് ഷിഫ്‌നക്ക് ഫോണിലൂടെ പരിശീലനം നല്‍കുന്നത്. ഗസല്‍, വീണ, വയലിന്‍ എന്നിവയും ഷിഫ്‌നക്ക് വഴങ്ങും. ഇപ്പോള്‍ മിമിക്രിയില്‍ മാത്രമാണ് മത്സരം. നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ കലാകുടുംബത്തിലാണ് ജനനം. ഷിഫ്‌നയുടെ ഉമ്മ ഷാഹിനയുടെ ഉമ്മയുടെ പിതൃ സഹോദരന്റെ മകനാണ് പ്രേംനസീര്‍. പോത്തന്‍കോട് തോണിക്കടവിലെ ബിസ്മി മന്‍സിലിലാണ് ഷിഫ്‌നയും കുടുംബവും താമസിക്കുന്നത്. മുഹമ്മദ് അല്‍ഷിഫാന്‍ ഏക സഹോദരനാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here