മൈലാഞ്ചിക്കല്യാണത്തിന് നിള നിറഞ്ഞൊഴുകി

Posted on: January 18, 2017 12:58 am | Last updated: January 19, 2017 at 9:40 pm

കണ്ണൂര്‍: കലോത്സവത്തിലെ മൊഞ്ചുള്ള ഇനമായ ഒപ്പന കാണാന്‍ നിളയിലേക്ക് ജനസഞ്ചയം ഒഴുകിയെത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ആകര്‍ഷക ഇനമായ മൊയി ്്‌ലാഞ്ചി ക്കല്യാണം കാണാനായി ഇന്നലെ ഉച്ചയോടെ തന്നെ പ്രധാന വേദിയായ നിളയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞതോടെ പിന്നെ ജനങ്ങള്‍ വേദിയില്‍ തിങ്ങി നിറഞ്ഞു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം ഒപ്പന മത്സരമായിരുന്നു പ്രധാന വേദിയായ നിളയില്‍ അരങ്ങേറിയത്. ചടുലമായ നൃത്തച്ചുവടുകളും പാട്ടുകളുമായി മണവാട്ടിമാരും കൂട്ടുകാരും കൈയടി നേടിക്കൊണ്ടേയിരുന്നു. തനിമയാര്‍ന്ന ഇശലുകളും താളവും ഒത്തുചേര്‍ന്ന മല്‍സരത്തില്‍ മോയിന്‍കുട്ടി വൈദ്യര്‍, ഒ എം കരുവാരക്കുണ്ട്, തുടങ്ങിയവരുടെ പാട്ടുകളാണു മിക്ക ടീമുകളും ആലപിച്ചത്. വഴിനീളം പാടി മണവാട്ടിയെയും കൊണ്ട് വേദിയിലെത്തി ഒപ്പന സംഘങ്ങള്‍ വിരുത്തം പാടി സദസ്സിനെ വര്‍ണിച്ചു. അയഞ്ഞ താളത്തിലുള്ള ഒപ്പനചായലും ദ്രുതതാളത്തിലുള്ള മുറുക്കവും താളം മുറുക്കിയുള്ള ഇടമുറുക്കവും പിന്തുടര്‍ന്ന ടീമുകള്‍ ഇശല്‍ നിറവിന്റെ പകലാണ് തറിയുടെയും തിറയുടെയും നാടിന് സമ്മാനിച്ചത്. പ്രവാചക പത്‌നിമാരായ ഖദീജ, ആഇശ, സൗദാബീവി എന്നിവരുടെ കല്യാണങ്ങള്‍ വര്‍ണിക്കുന്നതായിരുന്നു മിക്ക ടീമുകളുടെയും ഈരടികള്‍. ജനപ്രിയ മത്സര ഇനങ്ങളുമായെത്തിയ കൗമാര കലോത്സവത്തിലെ രണ്ടാം ദിവസം വേദികളെല്ലാം സജീവമായിരുന്നു. മത്സര പരിപാടികള്‍ ആരംഭിക്കുമ്പോള്‍ വേദികളില്‍ വലിയ ആള്‍ത്തിരക്കുണ്ടായിരുന്നില്ലെങ്കിലും പിന്നെ വേദികള്‍ നിറഞ്ഞ് കവിയുകയായിരുന്നു. ടൗണ്‍ സ്‌ക്വയറിലെ കബനിയില്‍ നടന്ന മോഹിനിയാട്ടവും തിരുവാതിരയും വിവധ വേദികളില്‍ നടക്കുമ്പോള്‍ കാണികളൊഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ വിവിധ വേദികളില്‍ ആരംഭിച്ച കുച്ചുപ്പുടിയും കേരള നടനവും ഓട്ടന്‍തുള്ളലും കഥകളിയും കാണാനായി എത്തിയത് ആയിരങ്ങളാണ്.
പ്രധാന വേദിയായ നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമൊക്കെ രാവിലെ മുതല്‍ തന്നെ സജീവമായിരുന്നു. പത്ത് വര്‍ഷം മുമ്പ് കണ്ണൂര്‍ സ്‌കൂള്‍ കലോത്സവത്തിനായി വേദിയായപ്പോള്‍ ജനങ്ങളുടെ പങ്കാളിത്തം ഇതേ തരത്തില്‍ തന്നെയുണ്ടായിരുന്നു. എന്നും കലയെ നെഞ്ചേറ്റുന്ന കണ്ണൂര്‍ വീണ്ടും വിരുന്നെത്തിയ കലോത്സവത്തെ നിറഞ്ഞ സദസ് നല്‍കി വരവേറ്റിരിക്കുകയാണ്.
അടുത്ത ദിവസങ്ങളോടെ കൂടുതലാളുകള്‍ കലോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്ന് തന്നെയാണ് സംഘാടകരുടെ പ്രതീക്ഷ. വെറുതെ മത്സരം കണ്ട് ഇരിക്കുക മാത്രമല്ല മത്സരാര്‍ത്ഥികളെ നിറഞ്ഞ കൈയടിയോടെ പ്രോത്സാഹിപ്പിക്കുന്നതിലും കണ്ണൂര്‍ മത്സരിക്കുകയാണ്.