ഇന്ത്യക്ക് ഒബാമ പരിഗണന നല്‍കിയില്ലെന്ന്

Posted on: January 17, 2017 7:11 am | Last updated: January 16, 2017 at 11:12 pm

വാഷിംഗ്ടണ്‍: ഒബാമ ഭരണകൂടം ദക്ഷിണേഷ്യയില്‍ പരിഗണന കൊടുത്തത് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായിരുന്നെന്നും ഇന്ത്യക്കല്ലായിരുന്നുവെന്നും എന്നാല്‍ ഒബാമ പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉച്ചസ്ഥായിയിലുള്ള ബന്ധമാണെന്നും മുന്‍ ഇന്ത്യന്‍-അമേരിക്കന്‍ വൈറ്റ്ഹൗസ് അധികൃതര്‍. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന ഉന്നതനിലയിലുള്ള ബന്ധത്തിനാണ് അവസാനമാകുന്നതെന്ന് വൈറ്റ്ഹൗസിലെ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ ദക്ഷിണേഷ്യയിലെ മുന്‍ സീനിയര്‍ ഡയറക്ടര്‍ അനിഷ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഒബാമ ഭരണകൂടത്തിന്റെ ആദ്യത്തെ രണ്ട് വര്‍ഷക്കാലം ഇന്ത്യ- യു എസ് ബന്ധം നല്ലനിലയില്‍ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് ഗോയല്‍. 2009ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിക്കുകയും തുടര്‍ന്ന് അടുത്ത വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തത് ചരിത്ര സംഭവമായിരുന്നു.
ഇക്കാലയളവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നുവെന്ന് ഇപ്പോള്‍ ന്യൂ അമേരിക്ക ഫൗണ്ടേഷന്റെ ദക്ഷിണേഷ്യയിലെ പ്രഗത്ഭ അംഗമായ ഗോയല്‍ പറഞ്ഞു. ഒബാമ ഭരണകൂടത്തിന്റെ അവസാനത്തെ രണ്ട് വര്‍ഷത്തെ കാലയളവില്‍ സംഭ്രമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇത്തരത്തില്‍ ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിന് ഇരു രാജ്യങ്ങളും പങ്കാളിത്തം വഹിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ഈ ബന്ധം കൂടുതല്‍ ശക്തമായെന്നും ഗോയല്‍ പറഞ്ഞു.