സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്; മുലായത്തിന് പുതിയ ചിഹ്നം

Posted on: January 16, 2017 6:55 pm | Last updated: January 17, 2017 at 11:20 am
SHARE

 

ലക്‌നോ: സമാജ്വാദിയുടെ സൈക്കിള്‍ചിഹ്നം അഖിലേഷ് യാദവിന് ലഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് അഖിലേഷെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം മുലായത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേറെ ചിഹ്നം നല്‍കിയേക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുലായം കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി അധ്യക്ഷന്‍ പദവിക്ക് അവകാശം ഉന്നയിച്ച് അച്ഛനും മകനും ശക്തമായി നിലയുറപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിചിഹ്നം ലഭിച്ചത് അഖിലേഷിനാണ് ഏറെ നേട്ടമാകുക.

പാര്‍ട്ടിയിലെ കരുത്ത് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവര്‍ക്കും അവസരം നല്‍കിയിരുന്നു. 229 എം.എല്‍.എമാരില്‍ 220 പേരുടെയും 65 എം.എല്‍.സിമാരില്‍ 56 പേരുടെയും 5000ലേറെ വരുന്ന ദേശീയ സമിതി അംഗങ്ങളില്‍ 4000ലേറെ പേരുടെയും പിന്തുണ അഖിലേഷ് പക്ഷത്തിന് ലഭിച്ചു. ഇക്കാര്യം അഖിലേഷ് രേഖാമൂലം കമ്മീഷനെ അറിയിച്ചിരുന്നു.

ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവാണ് ജനുവരി ഒന്നിലെ ദേശീയ നിര്‍വാഹക സമിതി വിളിച്ചത്. പ്രസ്തുത യോഗത്തിന് രണ്ടു ദിവസം മുമ്പ് രാം ഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനാല്‍ രാം ഗോപാല്‍ വിളിച്ച യോഗത്തിന് സാധുതയില്ലെന്നായിരുന്നു മുലായം കമ്മീഷന് നല്‍കിയ കത്തില്‍ ആരോപിച്ചത്.

അതിനിടെ, വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്യാദവിനെതിരെ മത്സരിക്കുമെന്ന് മുലായം സിംഗ് വ്യക്തമാക്കി. പിളര്‍പ്പൊഴിവാക്കാന്‍ പരമാവധി ശ്രമിച്ചു, അഖിലേഷിനെ പറഞ്ഞുമനസിലാക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അയാള്‍ അത് കേള്‍ക്കാന്‍പോലും തയ്യാറായില്ലെന്നും മുലായം പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here