എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രൗഢ സമാപനം

Posted on: January 16, 2017 9:11 am | Last updated: January 16, 2017 at 9:11 am
SHARE
പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി കൊല്ലം, കെ അബ്ദുല്‍ റശീദ് നരിക്കോട്, സി കെ റാശിദ് ബുഖാരി കോഴിക്കോട്

തിരൂര്‍ :ഭാഷാ പിതാവിന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ധാര്‍മിക വിപ്ലവം മുഴക്കി സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം ചരിത്രം ആവര്‍ത്തിച്ചു. മദീന മഖ്ദൂമിന്റെ സ്മരണകള്‍ ഇരമ്പുന്ന തിരൂരില്‍ ഹരിത ധവള നീലിമയെ നെഞ്ചോടുചേര്‍ത്ത് പതിനായിരങ്ങള്‍ വിദ്യാര്‍ഥി റാലിയെ അലകടലാക്കി മാറ്റി.
അധാര്‍മികതക്കെതിരെ നിലക്കാത്ത ശബ്ദമായി നിലകൊള്ളുമെന്ന് ഉറക്കെ പ്രഖ്യാപിച്ച വിദ്യാര്‍ഥിത്വം തിരൂരിന്റെ വീഥികളെ കൈയിലെടുക്കുകയായിരുന്നു. പാന്‍ബസാറില്‍ നിന്ന് ആരംഭിച്ച റാലിയുടെ മുന്‍നിര മൂന്ന് കിലോമീറോളം അകലെയുള്ള സമാപന വേദിയില്‍ സംഗമിച്ചിട്ടും ആയിരങ്ങള്‍ക്ക് തുടങ്ങിയേടത്ത് നിന്ന് മുന്നോട്ട് ഗമിക്കാന്‍ സാധിച്ചിരുന്നില്ല. അച്ചടക്കത്തോടെ നീങ്ങിയ റാലി വീക്ഷിക്കാനും അഭിവാദ്യം അറിയിക്കാനും പാതയോരങ്ങളില്‍ ആയിരങ്ങളാണ് കാത്തുനിന്നത്. വാഹന ഗതാഗതത്തിന് തടസ്സമില്ലാതെ വന്‍ ജനാവലി നടത്തിയ റാലി മാതൃകാപരമായി മാറി.
‘ഒത്തുതീര്‍പ്പല്ല നീതിയുടെ തീര്‍പ്പുകളാവാന്‍’ എന്ന പ്രമേയത്തില്‍ രാവിലെ നടന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി, കെ അബ്ദുല്‍ കലാം വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പൊതു സമ്മേളനത്തില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. വൈകുന്നേരം തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന സമാപന പൊതു സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി, എം അബ്ദുല്‍മജീദ്, മുഹമ്മദലി കിനാലൂര്‍ പ്രസംഗിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അബൂബക്കര്‍ ശര്‍വാനി, എം മുഹമ്മദ് സാദിഖ്, ഇബ്രാഹീം ബാഖവി മേല്‍മുറി, എന്‍ എം സ്വാദിഖ് സഖാഫി, മുസ്തഫ കോഡൂര്‍, ബാവഹാജി തലക്കടത്തൂര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.