രാഷ്ട്രീയകാര്യ സമിതിയില്‍ തര്‍ക്കവിഷയമായി ഉമ്മന്‍ ചാണ്ടി

Posted on: January 15, 2017 9:45 am | Last updated: January 15, 2017 at 12:23 pm

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഇല്ലാതെ ചേര്‍ന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ തര്‍ക്കവിഷയമായത് അദ്ദേഹത്തിന്റെ അസാന്നിധ്യം. ഉമ്മന്‍ ചാണ്ടിയുടെ സൗകര്യത്തിന് വേണ്ടി പലതവണ മാറ്റിവെച്ച യോഗം അദ്ദേഹം ഇല്ലാതെ തന്നെ ഇന്നലെ ചേര്‍ന്നെങ്കിലും ഉമ്മന്‍ ചാണ്ടിയെ ചൊല്ലിയായിരുന്നു യോഗത്തിലെ വാക്‌പോര്. യോഗത്തില്‍ അതിരുവിട്ട തര്‍ക്കം പാടില്ലെന്ന് വി എം സുധീരന്‍ ആമുഖമായി പറഞ്ഞെങ്കിലും ഉന്നയിക്കപ്പെട്ടതേറെയും തര്‍ക്ക വിഷയങ്ങളായിരുന്നു. നേതാക്കളുടെ അസൗകര്യം കാരണം യോഗം ചേരുന്നത് തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ എല്ലാ മാസവും രണ്ടാം ശനി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനും തീരുമാനിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിക്ക് പോകും.
ഒരാളുടെ മാത്രം സൗകര്യം നോക്കി യോഗം നിശ്ചയിക്കുന്നതും മാറ്റിവെക്കുന്നതും ആരോഗ്യകരമായ പ്രവണതയല്ലെന്ന് പി സി ചാക്കോ തുറന്നടിച്ചു. കോണ്‍ഗ്രസിനു രാഷ്ട്രീയമായി നിരവധി വിഷയങ്ങള്‍ ലഭിച്ചിട്ടും അത് മുതലെടുക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയകാര്യ സമിതി യോഗം കൃത്യമായി ചേരാത്തതാണെന്നും ചാക്കോ വ്യക്തമാക്കി. എം എം ഹസനാണ് ചാക്കോയെ നേരിട്ടത്. തനിക്കു വേണ്ടി യോഗം മാറ്റിവെക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും യോഗം എപ്പോള്‍ വേണമെങ്കിലും ചേരാമെന്നും പങ്കെടുക്കണോ വേണ്ടയോ എന്നത് ഉമ്മന്‍ ചാണ്ടിയാണ് തീരുമാനിക്കുകയെന്നും ഹസന്‍ പറഞ്ഞു. തനിക്ക് സൗകര്യം ഉള്ളപ്പോള്‍ മാത്രം യോഗം ചേരണമെന്ന് ഒരു ഘട്ടത്തിലും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും ചേരണമെന്നും അതില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ വരട്ടെയെന്നും ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍ നിലപാടെടുത്തു. ഉമ്മന്‍ ചാണ്ടിയെ പോലൊരു നേതാവിനെ ഒഴിവാക്കി കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്നതാണ് ഉചിതമെന്ന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.
ഇതിനൊപ്പം സുധീരനെതിരെയും മുരളി രംഗത്തെത്തി. പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാണെന്നും ശക്തിപ്പെടുത്തണമെന്നും താന്‍ ആവശ്യപ്പെട്ടതിനെ കെ പി സി സി വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. പ്രശ്‌നം വഷളാകുമെന്നറിഞ്ഞിട്ടും ഇടപെടാന്‍ കെ പി സി സി അധ്യക്ഷന്‍ തയ്യാറായില്ലെന്നും മുരളീധരന്‍ പറഞ്ഞു. വിമര്‍ശനം അതിരുവിട്ടപ്പോള്‍ രാജ്‌മോഹനോട് താന്‍ തന്നെയാണ് വക്താവ് സ്ഥാനത്ത് നിന്നുള്ള രാജി ആവശ്യപ്പെട്ടതെന്ന് സുധീരന്‍ മറുപടി നല്‍കി.
കെ ബാബുവിനെതിരെ കേസ് വന്ന ഘട്ടത്തില്‍ രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന ശേഷം അഭിപ്രായം പറയാമെന്ന് പറഞ്ഞ സുധീരന്‍ സഹകരണ സമര വിഷയത്തിലും മാവോയിസ്റ്റ് വെടിവെപ്പിലും ആരുമായും ചര്‍ച്ച ചെയ്യാതെ അഭിപ്രായം പറഞ്ഞതും എ ഗ്രൂപ്പുകാര്‍ ചോദ്യം ചെയ്തു.
അതേസമയം, സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം കൊണ്ടല്ലെന്നും അസൗകര്യത്തെ തുടര്‍ന്നാണെന്നും പിന്നീട് വാര്‍ത്തസമ്മേളനത്തില്‍ സുധീരന്‍ വ്യക്തമാക്കി. അതിനിടെ, ഡി സി സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്ക് ഇന്ന് ഡല്‍ഹിക്ക് പോകും. നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ട് ഡല്‍ഹിക്ക് ക്ഷണിച്ചിരുന്നു.
സംഘടനാ തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജന്‍ഡയില്‍ ഉറച്ചു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനായാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നാളെ നടക്കുന്ന രാഹുല്‍- ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നിര്‍ണായകമാകും.