ഫ്രാന്‍സില്‍ പകര്‍ച്ചപ്പനി പടരുന്നു; ജാഗ്രത നിര്‍ദേശം

Posted on: January 13, 2017 2:24 pm | Last updated: January 13, 2017 at 2:24 pm

പാരീസ്: ഫ്രാന്‍സില്‍ പകര്‍ച്ചപ്പനി പടരുന്നു. ശൈത്യകാലത്ത് വ്യാപകമാകുന്ന H3N2 വൈറസുകളാണ് പനി പടരുന്നതിന് കാരണം. ആയിരക്കണക്കിനാളുകളെയാണ് പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും പ്രായമായവരാണ്.

രാജ്യത്തെ ഇരുന്നോളം ആശുപത്രികളാണ് പകര്‍ച്ചപ്പനിയെ നേരിടാന്‍ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കിടക്കകള്‍ സജ്ജീകരിക്കുന്നതിനായി 30 ഓളം ആശുപത്രികളില്‍ അപ്രധാനമായ ഓപ്പറേഷനുകള്‍ മാറ്റിവെച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് 18000 പേരുടെ മരണത്തിന് കാരണമായ വൈറസിന്റെ വകഭേദമാണ് ഒ3ച2 വൈറസുകള്‍. ഫ്രഞ്ച് ആരോഗ്യമന്ത്രി മാരിസോള്‍ റ്റുറെയ്ന്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തകയും ചെയ്തു. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 142 ആശുപത്രികളും പനി ബാധിതരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.