ബെംഗളൂരു സ്‌ഫോടനക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരം ഇന്ന് തുടങ്ങും

Posted on: January 13, 2017 10:57 am | Last updated: January 13, 2017 at 11:55 am

ബെംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരം ബെംഗളൂരു എന്‍ ഐ എ കോടതിയില്‍ ഇന്ന് ആരംഭിക്കും. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൊത്തം ഒമ്പത് കേസുകളാണ് മഅ്ദനിയുടെ പേരിലുള്ളത്. ഈ കേസുകളില്‍ ആദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിസ്താരത്തിനായി വിളിച്ചു വരുത്തുന്നത്. എസ് ഡി ഗൗരി, ഹോങ്കാരയ്യ, മഞ്ജുനാഥ് എന്നിവരും സബ് ഇന്‍സ്‌പെക്ടറായ പൂവയ്യയുമാണ് ഇന്ന് കോടതിയില്‍ ഹാജരാകുക. ഇവര്‍ക്ക് പുറമെ ഇനി ആറ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടി വരും ദിവസങ്ങളില്‍ വിസ്താരത്തിനായി എത്തേണ്ടതുണ്ട്. പ്രതികളുടെ മൊഴിയെടുക്കലാണ് അടുത്ത നടപടിക്രമം. പിന്നീട് പ്രതികള്‍ക്ക് സാക്ഷികളുണ്ടെങ്കില്‍ ഹാജരാക്കാവുന്നതുമാണ്. അതിനു ശേഷം വാദപ്രതിവാദവും വിധി പ്രഖ്യാപനവുമുണ്ടാകും.

കേസില്‍ അടുത്ത ജൂണ്‍ മാസത്തോടെ തീര്‍പ്പ് കല്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധിയുള്ളതിനാല്‍ നടപടിക്രമങ്ങള്‍ പെട്ടെന്ന് തന്നെ നീങ്ങുമെന്നാണ് കരുതുന്നത്. 2008ല്‍ നടന്ന ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയടക്കം 32 പ്രതികളാണുള്ളത്. ഇതില്‍ 20 പേരെ മാത്രമാണ് അറസ്റ്റു ചെയ്യാനായിരിക്കുന്നത്.
പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 52 ഓളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂറുമാറിയിരുന്നു. ഏറ്റവും അവസാനമായി കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറുമായി അബ്ദുന്നാസിര്‍ മഅ്ദനിക്ക് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്ന അബൂ ഉസ്താദ് എന്ന അബ്ദുല്‍ ഖാദറും വിചാരണക്കിടെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
അഡ്വ. പി ഉസ്മാന്‍, അഡ്വ. ടോണി സെബാസ്റ്റ്യന്‍ എന്നിവരാണ് ബെംഗളൂരു എന്‍ ഐ എ കോടതിയില്‍ മഅ്ദനിക്ക് വേണ്ടി ഹാജരാകുന്നത്.