Connect with us

Gulf

ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് നിഷേധിച്ച് ഒമാന്‍

Published

|

Last Updated

മസ്‌കത്ത്: ജി സി സി രാജ്യങ്ങളോട് ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ഒമാന്‍ ധനകാര്യ മന്ത്രാലയം നിഷേധിച്ചു. ഒമാനില്‍ വിദേശ കറന്‍സി കുറവാണെന്നും ഒമാന്‍ സെന്‍ട്രല്‍ ബേങ്കില്‍ വന്‍ തോതില്‍ ഡോളര്‍ നിക്ഷേപിക്കണമെന്നും ജി സി സി രാജ്യങ്ങളോട് ഒമാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു റോയിട്ടേഴ്‌സ് പുറത്തുവിട്ട വാര്‍ത്ത. എന്നാല്‍, ഇത്തരം ഒരു നീക്കം ഒമാന്റെ ഭാഗത്തു നിന്ന് നടത്തിയിട്ടില്ലെന്നും ഒമാനില്‍ വിദേശ വിനിമയം ആവശ്യത്തിന് നടക്കുന്നുണ്ടെന്നും ഇതിനാലാണ് റിയാലിന് ഇപ്പോഴും കോട്ടം സംഭവക്കാതിരിക്കുന്നതെന്നും ധനകാര്യ മന്ത്രലായം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

റോയിട്ടേഴ്‌സിന് പിന്നാലെ ഗള്‍ഫ് ന്യൂസും റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതിനിടെയാണ് ധനകാര്യ മന്ത്രാലയം വാര്‍ത്തയില്‍ വസ്തുതയില്ലെന്ന നിഷേധ കുറിപ്പുമായി രംഗത്തെത്തിയത്. കുവൈത്ത്, ഖത്വര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഒമാന്‍ ധനകാര്യ മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തി എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഒമാനില്‍ വിദേശ നാണയം ആവശ്യത്തിന് ലഭ്യമാണെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. റിയാലിന്റെ മൂല്യം ഇടിയാതെ നില്‍ക്കുന്നത് ഇതിനാലാണെന്നും ഇവര്‍ പറയുന്നു. ടൂറിസം രംഗത്തും കയറ്റുമതി – ഇറക്കുമതി രംഗത്തുനിന്നുമെല്ലാം ഒമാനിലേക്ക് വിദേശ കറന്‍സി എത്തുന്നുണ്ട്. കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കുകയും വിദേശ വിനോദ സഞ്ചാരികള്‍ അധികരിക്കുകയും ചെയ്തതും ഒമാന് കൂടുതല്‍ വിദേശ കറന്‍സികളുമായി ഇടപാട് നടത്തുന്നതിന് ഗുണം ചെയ്തു. ഈ വര്‍ഷം ഇത് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.