പ്രവാസി സംഘടനകള്‍ക്കിടയിലെ മത്സരങ്ങളെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി

Posted on: January 11, 2017 10:19 pm | Last updated: January 11, 2017 at 10:19 pm
SHARE

മസ്‌കത്ത്: പ്രവാസി സംഘടനകള്‍ക്കിടയിലെ മത്സരങ്ങളെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. ബെംഗളൂരുവില്‍ സമാപിച്ച പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗാമിയി, പ്രവാസി സംഘടനകളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് മന്ത്രി പരാമര്‍ശിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളിലേതടക്കം വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന ആവശ്യവും വി കെ സിംഗ് ഉന്നയിച്ചത്.

വീടിന് പുറത്തിറങ്ങിയാല്‍ ജാതിയും ഭാഷയും ചോദിച്ച് വേര്‍ത്തിരിക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍, ഇന്ത്യക്ക് പുറത്തും ഇന്ത്യക്കാര്‍ വിവിധ സംഘടനകളിലായാണ് സംഗമക്കുന്നതെന്നും വി കെ സിംഗ് പറഞ്ഞു. 5,000 സംഘടനകളാണ് വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി വിദേശ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ശരിയായ ദിശയിലാണ് ഇവ മുന്നോട്ട് പോകുന്നതെങ്കില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നും എന്നാല്‍, എല്ലാ സംഘടനകളും തങ്ങളാണ് വലിയതെന്ന് കാണിക്കുന്നതിനുള്ള രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒമാനില്‍ ഇന്ത്യക്കാരില്‍ ഭൂരിഭാഗം വരുന്ന മലയാളികള്‍ക്കിടയില്‍ തന്നെ 150ല്‍ പരം സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള വിംഗ്, മലയാളം വിംഗ് എന്നിവ മാത്രമാണ് അംഗീകൃത സംഘടനകള്‍. ഇതില്‍ രണ്ടിലും കൂടി 1000ത്തില്‍ താഴെ മാത്രം അംഗങ്ങളാണുള്ളത്. ഈ സംഘടനകളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനാല്‍ പുറത്തുള്ളവര്‍ മറ്റു സംഘടനകള്‍ രൂപവത്കരിച്ചും കൂട്ടായ്മകളുണ്ടാക്കിയും പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, ഇത്തരം രജിസ്‌ട്രേഡ് സംഘടനകളെക്കാള്‍ കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇതര കൂട്ടായ്മകളാണ് എന്നതാണ് വസ്തുത. ഈ സാഹചര്യം മന്ത്രിയുടെ നിരീക്ഷണം ശരിവെക്കുന്നു.
തങ്ങളാണ് വലിയതെന്ന സംഘടനകളുടെ മനോഭാവം സംബന്ധിച്ച വി കെ സിംഗിന്റെ പ്രസ്ഥാവന ശരിവെക്കുന്നതാണ്് ഒമാനിലെ ചില സംഘടനകളുടെയും നേതാക്കളുടെയും പ്രവര്‍ത്തനങ്ങളെന്ന് മാധ്യമ പ്രവര്‍ത്തകന്‍ റജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു. ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരില്‍ ഒമാനില്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നിരവധിയാണ്. കൂടുതല്‍ വിഭാഗങ്ങളിലായി ജനങ്ങള്‍ വിഭജിക്കപ്പെടണമെന്നത് ചില വ്യക്തികളുടെ അഭിലാഷമാണെന്നും റജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു.

കൂട്ടായ്മകള്‍ സാമൂഹിക മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നവയാണെന്നും ജനം ഒറ്റപ്പെട്ട് കഴിയാന്‍ ആഗ്രഹിക്കുന്ന കാലത്ത് സംഘടിച്ച് മുന്നേറാനുള്ള പ്രവാസികള്‍ക്കിടയിലെ ശ്രമങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഇടതുപക്ഷ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി സെബാസ്റ്റ്യന്‍ പറഞ്ഞു. ദോഷത്തെക്കാള്‍ കൂടുതല്‍ ഗുണങ്ങളാണ് കൂട്ടായ്മകള്‍ മൂലമുള്ളത്. എന്നാല്‍, വി കെ സിംഗില്‍ നിന്ന് ഉണ്ടായിരിക്കുന്നത് അരാഷ്ട്രീയവല്‍കരണത്തിന്റെ സ്വരമാണെന്നും ഷാജി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

സംഘടനകള്‍ വര്‍ധിച്ചതിന്റെ ഗുണം പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാറിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കൂട്ടായ്മകളാണ് സാധരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി ചെയ്യുന്നതെന്നും ഒ ഐ സി സി ജന. സെക്രട്ടറി എന്‍ ഒ ഉമ്മന്‍ പറഞ്ഞു. എംബസി പോലും ചില ആവശ്യങ്ങള്‍ക്ക് പൊതു പ്രവര്‍ത്തകരെയാണ് ബന്ധപ്പെടുന്നത്. വിദേശകാര്യം കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രസ്ഥാവനയല്ല ഇതെന്നും എന്‍ ഒ ഉമ്മന്‍ പറഞ്ഞു.
തൊഴിലെടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചും ഒന്നിച്ച് നിന്നും പ്രവര്‍ത്തിക്കണമെന്നാണ് തന്റെ അപേക്ഷയെന്നും വി കെ സിംഗ് പറഞ്ഞു. സാമൂഹിക ക്ഷേമമായിരിക്കണം പ്രധാന ഉത്തരവാദിത്വമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഉണര്‍ത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here