ലോകാത്ഭുത കാഴ്ചയൊരുക്കി ഗ്ലോബല്‍ വില്ലേജില്‍ വെഡിങ് ഷൂട്

Posted on: January 11, 2017 9:26 pm | Last updated: January 13, 2017 at 12:45 am

ദുബൈ: വിവിധ ലോക രാഷ്ട്രങ്ങളുടെ സംസ്‌കാര വൈവിധ്യങ്ങളുടെ സംഗമവേദിയായ ആഗോള ഗ്രാമം പ്രതിശ്രുത വധൂവരന്മാരുടെ ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങള്‍ക്കുള്ള വേദി കൂടിയായി. ഇതിന് കൂടുതല്‍ തിളക്കമേകിയത് ഇമാറാത്തി അഥിതി സത്കാരത്തിന്റെ കാഴ്ചകളും.
അബുദാബിയിലെ ഒരു ആശുപത്രിയില്‍ നേഴ്‌സ് ആയി സേവനമനുഷ്ഠിക്കുന്ന മില്ലിസെന്റ് മൊറീനോ ഗ്ലോബല്‍ വില്ലേജിലെ നിത്യ സന്ദര്‍ശകയാണ്. എന്നാല്‍ തന്റെ വിവാഹത്തിന് ഒരുക്കുന്ന ഫോട്ടോ ആല്‍ബത്തോടൊപ്പം, വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചു ലോകാത്ഭുതങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്രതിശ്രുത വരനും കളിക്കൂട്ടുകാരനുമായ ജെയിംസിനൊപ്പം ചിത്രങ്ങളെടുത്തു ചേര്‍ക്കണമെന്ന് മില്ലിസെന്റിന്റെ അഭിലാഷമായിരുന്നു. ഇതിന് പ്രചോദനമേകിയതാകട്ടെ ഗ്ലോബല്‍ വില്ലേജിലെ മനോഹരങ്ങളായ വിവിധ രാജ്യങ്ങളുടെ പ്രധാന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വശ്യരൂപങ്ങള്‍. തന്റെ ആഗ്രഹം മില്ലിസെന്റ് പ്രതിശ്രുത വരനോട് അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന വിവാഹത്തിന് മുന്‍പ് ലോക രാജ്യങ്ങളില്‍ സഞ്ചരിച്ചു ചിത്രങ്ങള്‍ പകര്‍ത്തുക എന്നത് അസാധ്യമായിരുന്നു. ഇതിനിടെയാണ് തന്റെ പ്രതിശ്രുത വധുവിന് ഈ ആഗ്രഹം ജനിപ്പിച്ച ഗ്ലോബല്‍ വില്ലേജ് തന്നെ അവരുടെ ആഗ്രഹ സഫലീകരണത്തിന് തിരഞ്ഞെടുത്താലോ എന്ന ആശയം ജയിംസിന്റെ മനസ്സിലുദിക്കുന്നത്. ഗ്ലോബല്‍ വില്ലേജ് മാനേജ്‌മെന്റുമായി ജെയിംസ് ബന്ധപ്പെട്ടു. അവര്‍ പച്ചക്കൊടി കാട്ടിയതോടെ തന്റെ പ്രതി ശ്രുത വധുവിന്റെ ആഗ്രഹ സഫലീകരണത്തിന് വഴിയൊരുങ്ങുകയായിരുന്നു. ഒപ്പം ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ക്കുവേണ്ട കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഇരുവരെയും സ്വീകരിക്കുകയും ചെയ്തു.

അധികൃതര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. പ്രതിശ്രുത വധുവിന് നല്‍കാന്‍ കഴിയുന്ന വിവാഹ സമ്മാനത്തില്‍ ഏറ്റവും മികച്ചത് അവളുടെ ആഗ്രഹം സാധിപ്പിച്ചു നല്‍കാന്‍ സാധിച്ചത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. പ്രതിശ്രുത വരന്‍ ജെയിംസ് പറഞ്ഞു.
രാവിലെ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കാത്ത സമയത്താണ് ഷൂട്ടിങ്ങിന് അനുമതി തന്നത്. ഞങ്ങളെ വി ഐ പി പരിഗണനയോടെയാണ് അധികൃതര്‍ സ്വീകരിച്ചത്. ഞങ്ങള്‍ ചിത്രീകരണത്തിന് പണം മുടക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ ഞങ്ങളുടെ വിവാഹ സമ്മാനമായി ചിത്രീകരണത്തിന് അനുമതി നല്കുകയായിരുന്നു. ലോകാത്ഭുതങ്ങളുടെ മുന്നില്‍ നിന്നുള്ള ആല്‍ബമൊരുക്കുന്നതിന് ഇനി ലോകം ചുറ്റി സഞ്ചരിക്കേണ്ടതില്ല. എന്റെ ആഗ്രഹം സഫലമായിരിക്കുന്നു. അധികൃതര്‍ക്ക് നന്ദി, സന്തോഷാധിക്യത്താല്‍ മില്ലിസെന്റ് പറഞ്ഞു.