വിദ്യാര്‍ഥികളുടെ ഹാജര്‍ നില വീട്ടിലറിയുന്നു; ‘തേര്‍ഡ് ബെല്‍’ ക്ലിക്കായി

Posted on: January 11, 2017 8:42 am | Last updated: January 11, 2017 at 8:42 am
SHARE

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കാതെ ക്ലാസില്‍ വരാതിരിക്കുന്നതും വൈകി വരുന്നതുമായ പ്രവണത തടയാന്‍ വി എച്ച് എസ് ഇ ഡയറക്ടറേറ്റ് ആവിഷ്‌കരിച്ച തേര്‍ഡ് ബെല്ലിന് മികച്ച പ്രതികരണം. തേര്‍ഡ് ബെല്‍ എന്ന പേരില്‍ നാല് മാസം മുമ്പ് നടപ്പാക്കിയ സ്റ്റുഡന്റ്‌സ് അറ്റന്‍ഡന്‍സ് അലര്‍ട്ട് സംവിധാനമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല പരിഷ്‌കാരങ്ങളിലൊന്നായി മാറുന്നത്.
സ്‌കൂളിലെ വിദ്യാര്‍ഥിയുടെ അസാന്നിധ്യം രക്ഷിതാവിനെ ഫോണ്‍ സന്ദേശത്തിലൂടെ അറിയിക്കുന്ന ഈ സംവിധാനം നാല് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ 90 ശതമാനം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പാക്കിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ വി എച്ച് എസ് ഇ സ്‌കൂളുകളില്‍ ഒരു ദിവസം 550 മുതല്‍ 600 വരെ കുട്ടികളാണ് ക്ലാസ്സില്‍ ഹാജരാകാത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മുമ്പുള്ളതില്‍ നിന്ന് വളരെയേറെ കുറവാണെന്ന് നേരത്തെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാണ്. നിത്യേന ആയിരവും രണ്ടായിരവും കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ കറങ്ങി നടന്നിടത്താണ് ഹാജരാകാത്തവരുടെ എണ്ണം തുലോം കുറഞ്ഞത്.
ക്ലാസ്സില്‍ നിന്ന് മുങ്ങി നടക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അതാത് സമയം തന്നെ എത്തുമെന്നതിനാലാണ് ക്ലാസ്സിലെ ഹാജര്‍ നില ഇപ്പോള്‍ കൂടാനിടയായതെന്ന് അധ്യാപകര്‍ വിലയിരുത്തുന്നു. ക്ലാസ്സില്‍ കൃത്യമായി ഹാജരാകാത്ത കുട്ടികളെ കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നതിനാല്‍ കുട്ടികളുടെ ഭാവിക്ക് പദ്ധതി ഏറെ ഉപകാരപ്രദമായി മാറിയെന്നും അധികൃതര്‍ വിലയിരുത്തുന്നുണ്ട്.
ദിവസവും ക്ലാസ് തുടങ്ങി ഹാജര്‍ പരിശോധിച്ച് എത്തിച്ചേരാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലേക്കു സെക്കന്‍ഡുകള്‍ക്കകം സൗജന്യ സന്ദേശം നല്‍കുന്നതാണ് ഈ ജാഗ്രതാ സംവിധാനം. തുടര്‍ച്ചയായി രണ്ട് ദിവസം മുന്നറിയിപ്പില്ലാതെ ഹാജരാകാതിരുന്നാല്‍ രക്ഷിതാവിനു വോയ്‌സ് കോള്‍ നല്‍കാനും ഇതില്‍ സജ്ജീകരണമുണ്ട്. വി എച്ച് എസ് ഇ വെബ്‌സൈറ്റില്‍ സ്‌കൂള്‍ ലോഗിന്‍ ചെയ്ത് പ്രിന്‍സിപ്പലോ പ്രിന്‍സിപ്പല്‍ ചുമതലപ്പെടുത്തുന്ന അധ്യാപകനോ ആണ് തേര്‍ഡ് ബെല്‍ സംവിധാനം നിയന്ത്രിക്കുന്നത്. രാവിലെ 9.30ന് തന്നെ ചുമതലപ്പെട്ട അധ്യാപകര്‍ ഹാജര്‍ നില പരിശോധിച്ച ശേഷം ഇതിനായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തും. അപ്പോള്‍ തന്നെ അത് സന്ദേശമായി കുട്ടികളുടെ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലെത്തും. മലയാളത്തില്‍ ഏത് ഫോണില്‍ നിന്നും വായിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് സന്ദേശം. ഇതിനൊപ്പം 80 ശതമാനം ഹാജര്‍ നിലയുള്ളവര്‍ക്ക് മാത്രമേ പരീക്ഷയെഴുതാന്‍ അവസരമുണ്ടാകൂയെന്ന അധികൃതരുടെ അറിയിപ്പും ഫലം കണ്ടു.
വിദ്യാര്‍ഥികള്‍ ക്ലാസ്സിലെത്തുമ്പോള്‍ തന്നെ ഹാജര്‍നില ഓണ്‍ലൈനായി തിരുവനന്തപുരം ഡയറക്ടറേറ്റിലെത്തുന്നതിനുള്ള സംവിധാനമുള്ളതിനാല്‍ അധ്യാപകര്‍ക്ക് ഇതില്‍ കൃത്രിമത്വം കാട്ടാനാകില്ല. അതുകൊണ്ട് ക്ലാസ്സില്‍ കൃത്യമായി ഹാജരായില്ലെങ്കില്‍ പരീക്ഷയെഴുതാനാകില്ലെന്ന പേടിയും കുട്ടികള്‍ക്കുണ്ട്.
അതേസമയം, സംസ്ഥാനത്ത് ആകെയുള്ള 389 വി എച്ച എസ് ഇ സ്‌കൂളുകളില്‍ 10 ശതമാനം സ്‌കൂളുകളില്‍ മാത്രമാണ് തേര്‍ഡ് ബെല്‍ നടപ്പാക്കാത്തത്. ഇതില്‍ കൂടുതലും എയ്ഡഡ് സ്ഥാപനങ്ങളാണ്. എസ് എം എസ് സന്ദേശം അയക്കുന്നതിനായി 18 പൈസമാത്രമാണ് ചെലവ് വരുന്നതെന്നതിനാല്‍ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നടക്കുമെന്നും സൂചനയുണ്ട്.