Connect with us

Articles

റോഹിംഗ്യ: രാഷ്ട്രീയം തന്നെയാണ് പ്രശ്‌നം

Published

|

Last Updated

മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ ക്രൂരമായ പ്രകടനമാണോ? വംശീയതയാണോ? വംശഹത്യയാണോ? കലാപമാണോ അവിടെ നടക്കുന്നത്? അതോ ഏറ്റുമുട്ടലാണോ? ആഗോള സമൂഹം എന്ന് ആകെത്തുകയില്‍ വിശേഷിപ്പിക്കപ്പെടുന്ന വന്‍കിട രാഷ്ട്രങ്ങളും അന്താഷ്ട്ര ഏജന്‍സികളും ഗവേഷണത്തിലാണ്. രാഷ്ട്രീയവും മതപരവുമായ തൂക്കമൊപ്പിക്കലിനായി അവര്‍ പാടുപെടുകയാണ്. 2012 മുതല്‍ കൃത്യമായി ആവര്‍ത്തിക്കുന്ന ആട്ടിയോടിക്കല്‍ യജ്ഞങ്ങളുടെ ഒരു പതിപ്പിന് കൂടി വിധേയമായിരിക്കുന്നു ഈ മനുഷ്യര്‍. മരിച്ചിട്ടും പലായനം ചെയ്തിട്ടും അവശേഷിക്കുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ പട്ടാളവും ബുദ്ധ ഭിക്ഷു വേഷമണിഞ്ഞ ഭീകരവാദികളും ഏത് നിമിഷവും തങ്ങള്‍ക്ക് മേല്‍ ചാടി വീഴാമെന്ന ഒടുങ്ങാത്ത ഭീതിയിലാണ് കഴിഞ്ഞു കൂടുന്നത്. പക്ഷേ, മ്യാന്‍മര്‍ ഭരണകൂടം പുറത്തേക്ക് നല്‍കുന്നതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും രാഖിനെ പ്രവിശ്യ “സാധാരണ നിലയിലേക്ക്” മടങ്ങിയെന്നാണ്. നോര്‍മല്‍സിയെന്ന് പത്രഭാഷ. ശരിയാണ് സാധാരണ ഈ മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാ തിരസ്‌കാരങ്ങളും അതേപോലെയുണ്ട്. അടച്ചുറപ്പുള്ള വീട് പണിയാനാകാതെ, നിയമപരമായി വിവാഹം കഴിക്കാനാകാതെ, മതം അനുഷ്ഠിക്കാനാകാതെ, മക്കളെ പഠിപ്പിക്കാനാകാതെ അവര്‍ “സാധാരണ” ജീവിതം നയിക്കുന്നു. നിതാന്തമായ ഭയത്തില്‍ ദിനങ്ങള്‍ തള്ളി നീക്കുന്നതാണ് സാധാരണനിലയെങ്കില്‍ അത് സാധ്യമായിട്ടുണ്ട്; മ്യാന്‍മറിലെ ജനകീയ സര്‍ക്കാറിന് അഭിമാനിക്കാം.
12,000ത്തിലധികം റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് നാഫ് നദി വഴി പലായനം ചെയ്യാന്‍ ശ്രമിച്ചതും നിരവധി പേര്‍ കൊല്ലപ്പെട്ടതും കൂരകള്‍ തകര്‍ത്തതും കുട്ടികളും സ്ത്രീകളും ലൈംഗിക ചൂഷണത്തിന് വിധേയമായതും ഇത്തവണ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നുവെന്നത് വസ്തുതയാണ്. ലോകത്തെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനതയെന്ന് യു എന്‍ വിശേഷിപ്പിച്ച ഈ മനുഷ്യരെക്കുറിച്ച് ചില സമാന്തര വെബ്‌സൈറ്റുകള്‍ നല്‍കി വന്ന വാര്‍ത്തകളെ അവിശ്വസനീയമെന്നോ പര്‍വതീകൃതമെന്നോ മുദ്രയടിച്ച് പടിക്ക് പുറത്ത് നിര്‍ത്തുകയായിരുന്നു മുഖ്യധാരക്കാര്‍. ഇത്തവണ ഈ നില മാറ്റിയതില്‍ ആംനസ്റ്റി ഇന്റര്‍നാഷനലിന് മുഖ്യ പങ്കുണ്ട്.
അവരുടെ റിപ്പോര്‍ട്ടില്‍ മുസ്‌ലിംകള്‍ക്കെതിരെ ആയുധവുമായി പാഞ്ഞടുക്കുന്ന തീവ്രവാദികളെയല്ല കുറ്റപ്പെടുത്തുന്നത്. മറിച്ച് സൈന്യത്തെ തന്നെയാണ്. സൈന്യം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് തന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റോഹിംഗ്യാ സിവിലിയന്‍മാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം അഴിച്ചു വിടുകയാണ് സൈന്യമെന്ന് തെക്കു കിഴക്കന്‍ ഏഷ്യക്കായുള്ള ആംനസ്റ്റി ഡയറക്ടര്‍ റാഫന്‍ഡി ദിജാമിന്‍ വ്യക്തമാക്കുന്നു. പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ കുടുംബമൊന്നാകെ, ഗ്രാമങ്ങളൊന്നാകെ സംഘടിതമായ ശിക്ഷക്ക് വിധേയമാകുകയായിരുന്നുവെന്ന് ദിജാമിന്‍ പറയുന്നു. മനുഷ്യാവകാശ നിയമങ്ങളോട് മ്യാന്‍മറിന് പുച്ഛമാണ്. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാനുള്ള ലോകത്തിന്റെ അവകാശവും അവര്‍ നിഷേധിക്കുന്നു. പത്രപ്രവര്‍ത്തകരെയും സ്വതന്ത്ര അന്വേഷകരെയും അങ്ങോട്ട് കടത്തിവിടില്ല. എന്നിട്ട് വ്യാജ വാര്‍ത്തയുടെ ഇരകളാണ് തങ്ങളെന്ന് അന്താരാഷ്ട്ര വേദികളില്‍ വാദിക്കും. ആംനസ്റ്റി പോലുള്ള സംഘടനകള്‍ പോലും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങളെ ആസ്പദമാക്കി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണെന്ന പരാതിയാണ് മ്യാന്‍മര്‍ സര്‍ക്കാറിന്റെ വക്താവ് ഐ ഐ സോയി മുന്നോട്ട് വെക്കുന്നത്. കുറേ അന്താരാഷ്ട്ര സംഘങ്ങള്‍ ഒച്ചവെച്ചത്‌കൊണ്ടോ തീവ്രവാദം വളര്‍ത്തുന്ന തരത്തില്‍ വൈകാരികത പടര്‍ത്തിയത് കൊണ്ടോ രാഖിനെയിലെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ വാദിക്കുന്നു.
എന്നാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ഇത്തവണ മ്യാന്‍മര്‍ സര്‍ക്കാറിന് മേല്‍ കടുത്ത സമ്മര്‍ദം സൃഷ്ടിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇതാദ്യമായി റോഹിംഗ്യകളുടെ പൗരത്വ പ്രശ്‌നം കണക്കിലെടുക്കാന്‍ ഭരണകൂടം തയ്യാറായിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചില വീഡിയോകളുടെ അടിസ്ഥാനത്തില്‍ ഏതാനും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും തയ്യാറായി. ഇവയൊന്നും ഈ മുസ്‌ലിം സമൂഹത്തിന്റെ കടുത്ത പ്രതിസന്ധികള്‍ക്ക് യഥാര്‍ഥ പരിഹാരമാകുന്നില്ല. എന്നാല്‍ അത്രയെങ്കിലും മാറാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നത് കൂട്ടായ പ്രതികരണത്തിന്റെ വിജയമായി തന്നെ കാണേണ്ടതുണ്ട്. മണലില്‍ മുഖം പൂഴ്ത്തി മരിച്ചു കിടക്കുന്ന അയ്‌ലാന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം എങ്ങനെയാണോ സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തെ അതിതീവ്രമായി ആഗോള ശ്രദ്ധയിലെത്തിച്ചത് അതിന് സമാനമായ പ്രതീകവത്കരണമാണ് നാഫ് നദീതീരത്ത് മരിച്ചു കിടക്കുന്ന റോഹിംഗ്യന്‍ കുട്ടി സൃഷ്ടിച്ചത്. പതിനാറ് മാസം മാത്രം പ്രായമുള്ള മുഹമ്മദ് ശുഹായത്ത് തന്റെ മരണം കൊണ്ട്, റോഹിംഗ്യകള്‍ അനുഭവിക്കുന്ന അന്യവത്കരണത്തിന്റെ ആഴം ലോകത്തെ അനുഭവിപ്പിക്കുകയായിരുന്നു. നാഫ് നദീതീരത്ത് ചെളിയില്‍ പൂഴ്ന്ന് കമഴ്ന്നു കിടക്കുന്ന ചേതനയറ്റ കുഞ്ഞിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. അതിന്റെ ആധികാരികതയെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ച് തുടങ്ങിയപ്പോള്‍ സി എന്‍ എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ശുഹായത്തിന്റെ മാതാപിതാക്കളെ തേടിപ്പിടിച്ചു. അയ്‌ലനെപ്പോലെ ഈ കുഞ്ഞും സംഘര്‍ഷത്തില്‍ നിന്ന് രക്ഷ തേടിയുള്ള അപകടകരമായ യാത്രക്കിടെയാണ് മരണത്തിലേക്ക് താഴ്ന്നു പോയത്. ബംഗ്ലാദേശിലെ ലേദാ അഭയാര്‍ഥി ക്യാമ്പിലാണ് പിതാവ് സഫൂര്‍ ആലം. അദ്ദേഹം പലായനം ചെയ്തതില്‍ പിന്നെ ഒരു നിലക്കും പിടിച്ചു നില്‍ക്കാനാകാതെ ശുഹായത്തിന്റെ ഉമ്മയും അമ്മാവനും സഹോദരനും തോണിയില്‍ നാഫ് നദിയിലേക്ക് ഇറങ്ങി. ആലത്തിനൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. നദി മുറിച്ച് കടക്കുന്നതിനിടെ ബോട്ട് മുങ്ങി. ഉമ്മയും മൂന്ന് വയസ്സുള്ള സഹോദരനുമുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം മരിച്ചു. ഈ ലോകത്ത് ഇനി താന്‍ ജീവിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് ആലം ചോദിക്കുന്നു. “ഗ്രാമത്തില്‍ ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മേല്‍ ബോംബിട്ടു. സൈനികര്‍ വെടിവെച്ചു. വീടുവിട്ടിറങ്ങിയ ഞങ്ങള്‍ കാട്ടില്‍ കഴിഞ്ഞു, ഏതാനും നാള്‍. തിരിച്ചു ചെന്നപ്പോള്‍ കണ്ടത് ഗ്രാമം മുഴുവന്‍ ചുട്ടെരിച്ചിരിക്കുന്നു. വൃദ്ധരായ മുഴുവന്‍ പേരും വെന്തു മരിച്ചു. നില്‍ക്കക്കള്ളിയില്ലാതെ നദിയിലേക്ക് ഇറങ്ങിയവരാണ് ഞങ്ങള്‍. ഇപ്പോള്‍ ഞാന്‍ ഒറ്റക്കായി”- ആലം സി എന്‍ എന്നിനോട് പറഞ്ഞു.
ആരാണ് തദ്ദേശീയര്‍, ആരാണ് വിദേശികള്‍ എന്ന അടിസ്ഥാനപരമായ ചോദ്യത്തെയും ചില ഭൗമരാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെയും അഭിമുഖീകരിക്കാതെ റോഹിംഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. മതപരമായ സ്പര്‍ധയുടെ തലം വിട്ട് ഈ പ്രശ്‌നത്തിന് രാഷ്ട്രീയമാനം കൈവന്നിട്ടുണ്ട്. ഇന്ത്യയില്‍ എങ്ങനെയാണോ തീവ്രദേശീയത ഉയര്‍ത്തി സംഘ്പരിവാര്‍ മതേതര ചേരിയെ ദുര്‍ബലമാക്കുന്നത് അത് തന്നെയാണ് മ്യാന്‍മറില്‍ ബുദ്ധതീവ്രവാദികള്‍ ചെയ്യുന്നത്. കൊളോണിയലിസത്തിന് പിറകേ അവിടെ നടമാടിയ പട്ടാള ഭരണം കൂടുതല്‍ അക്രമാസക്തമായി ദേശീയത അടിച്ചേല്‍പ്പിക്കാന്‍ ബുദ്ധ തീവ്രവാദികള്‍ക്ക് അവസരം നല്‍കിയെന്നത് മാത്രമാണ് വ്യത്യാസം. ഇന്ത്യയില്‍ ജനാധിപത്യ മൂല്യങ്ങള്‍ പൂര്‍ണമായി അസ്തമിച്ചിട്ടില്ലാത്തതിനാല്‍ സംഘ്പരിവാര്‍ അജന്‍ഡകള്‍ക്കെതിരെ ഇപ്പോഴും പ്രതിരോധം സാധ്യമാണ്. എന്നാണോ ഭൂരിപക്ഷത്തിന്റെ യുക്തികള്‍ക്ക് രാജ്യത്തെ രാഷ്ട്രീയ സമൂഹം പൂര്‍ണമായി കീഴ്‌പ്പെടുന്നത് അന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യയിലും മ്യാന്‍മര്‍ ആവര്‍ത്തിക്കും. രാജ്യം സ്വതന്ത്രമായ ശേഷം കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളിലെ ഉന്നത നേതാക്കളില്‍ ഈ കീഴടങ്ങല്‍ പല ഘട്ടങ്ങളില്‍ കണ്ടതാണ്. ബാബരി മസ്ജിദ് ധ്വംസനം അവയില്‍ ഒന്നു മാത്രമാണ്. ന്യൂനപക്ഷ സംഘടനകള്‍ പോലും ഭൂരിപക്ഷത്തിന്റെ ബോധത്തില്‍ പ്രവര്‍ത്തിച്ച ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
1948ല്‍ മ്യാന്‍മര്‍ ബ്രിട്ടനില്‍ നിന്ന് മോചിതമായ ശേഷം യഥാര്‍ഥ ജനായത്ത ഭരണം സ്ഥാപിക്കാന്‍ പോരാട്ടത്തിന്റെ വഴിയിലേക്ക് എടുത്തു ചാടുകയും രക്തസാക്ഷിയാകുകയും ചെയ്ത ജനറല്‍ ആംഗ് സാന്റെ മകളാണ് ആംഗ് സാന്‍ സൂക്കി. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തില്‍ ദീര്‍ഘകാലം തടവില്‍ കിടന്ന ആളും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമാണ് അവര്‍. ആ സൂക്കിയാണ് ഇപ്പോള്‍ മ്യാന്‍മറിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്നത്. ജനാധിപത്യപരിഷ്‌കരണത്തിന് പട്ടാളം പച്ചക്കൊടി കാണിക്കുകയും സൂക്കിയുടെ പാര്‍ട്ടി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിവേഗം ജനാധിപത്യപരിവര്‍ത്തനം നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് മ്യാന്‍മറിനെ അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഘട്ടത്തിലും തികച്ചും ചരിത്രവിരുദ്ധവും മനുഷ്യത്വരഹിതവുമായ സമീപനം കൈകൊള്ളാന്‍ സൂക്കിയെപ്പോലെ ഒരാള്‍ക്ക് സാധിക്കുന്നുവെന്നതിന്റെ അര്‍ഥമെന്താണ്? ജനാധിപത്യം കണക്കിന്റെ കളിയാണ് എന്നത് തന്നെ. എണ്ണമാണ് പ്രശ്‌നം. ഭൂരിപക്ഷത്തെയാണ് പ്രീണിപ്പിക്കേണ്ടത്. അത്‌കൊണ്ട് മറ്റാരേക്കാളും ക്രൂരമായി റോഹിംഗ്യന്‍ മുസ്‌ലിംകളെ സൂക്കി തള്ളിപ്പറയുന്നു. റോഹിംഗ്യ എന്ന പേര് ഉപയോഗിക്കരുതെന്നും “ബംഗാളികള്‍” എന്ന് വിളിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. മുസ്‌ലിംകള്‍ താമസിക്കുന്നിടത്തെല്ലാം ഭയത്തിന്റെ സാന്നിധ്യമുണ്ടെന്ന് തുറന്നടിക്കുക വഴി ഇസ്‌ലാമോഫോബിയയുടെ ആഗോള ധാരയില്‍ സൂക്കിയും അംഗത്വമെടുത്തിരിക്കുന്നു. മുസ്‌ലിംകള്‍ ഭയത്തിന്റെ നിഴലില്‍ ജീവിക്കുന്നുവെന്നല്ല അവര്‍ പറയുന്നത്. മറിച്ച് മുസ്‌ലിംകള്‍ ഭയം സൃഷ്ടിക്കുന്നുവെന്നാണ്. നിരായുധരും ദരിദ്രരുമായ ഈ മനുഷ്യര്‍ മഹാഭൂരിപക്ഷം വരുന്ന, പട്ടാളത്തിന്റെയും സര്‍ക്കാറിന്റെയും പിന്തുണയുള്ള, സായുധരായ ബുദ്ധമതക്കാരെ പേടിപ്പിക്കുന്നുവെന്ന് പറയാന്‍ മാത്രം അധികാരക്കൊതി സൂക്കിയെ കീഴടക്കിയെന്നാണ് മനസ്സിലാക്കേണ്ടത്.
കടല്‍ വഴി കച്ചവടത്തിന് വന്ന അറബികളുടെ പിന്‍മുറക്കാരാണ് റോഹിംഗ്യകള്‍. ഈ മേഖലയുടെ ഭരണം നൂറ്റാണ്ടുകളോളം ഇവരുടെ പൂര്‍വികര്‍ കൈയാളിയിട്ടുണ്ട്. അവരുടെ ഭാഷാ സവിശേഷതകളും സാംസ്‌കാരിക, മത ശേഷിപ്പുകളും ഈ ചരിത്രസത്യത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടു മുതലുള്ള ഈ ചരിത്രത്തെ നിരാകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ് റോഹിംഗ്യകളെന്ന പച്ചക്കള്ളം പൊളിക്കാന്‍ അന്താരാഷ്ട്ര അക്കാദമിക് സംഘം തയ്യാറാകണം. 1982ലെ പൗരത്വ നിയമം പൂര്‍ണമായി പരിഷ്‌കരിക്കണം. കച്ചിന്‍, കരന്‍, ചിന്‍, ഷാന്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണന റോഹിംഗ്യകള്‍ക്കും നല്‍കുകയാണ് വേണ്ടത്. അത്‌കൊണ്ട് മാത്രം ബുദ്ധതീവ്രവാദികള്‍ അടങ്ങില്ലെന്നുറപ്പാണ്. വംശശുദ്ധീകരണമാണല്ലോ അവരുടെ ലക്ഷ്യം. അല്‍പ്പ കാലത്തെ ശാന്തതക്ക് ശേഷം വീണ്ടും അതിക്രമത്തിന്റെ ക്രൗര്യത്തിലേക്ക് അവര്‍ തിരിയും. ഇത് അറിയുന്നത് കൊണ്ടാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവര്‍ തങ്ങള്‍ക്ക് തിരിച്ചു പോകേണ്ടെന്ന് യു എന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. രാഷ്ട്രരാഹിത്യത്തിന്റെ ഈ വേദന അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒന്നാണ്. അഭയാര്‍ഥി ക്യാമ്പുകള്‍ നടത്താന്‍ ഫണ്ട് അനുവദിക്കുകയല്ല യു എന്‍ ചെയ്യേണ്ടത്. സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാനുള്ള ആത്മവിശ്വാസം ഈ മനുഷ്യര്‍ക്ക് പകര്‍ന്ന് നല്‍കണം. അതിന് ശക്തമായ സൈനിക നടപടിയിലൂടെ അക്രമികളെ അടിച്ചമര്‍ത്താന്‍ സാധിക്കണം. ഇവര്‍ക്കുള്ള രാഷ്ട്രീയ പിന്തുണ അവസാനിപ്പിക്കണം. പ്രകൃതി വാതകം അടക്കം രാഖിനെ പ്രവിശ്യയിലെ വന്‍ വിഭവ നിക്ഷേപം അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചൈനീസ്, അമേരിക്കന്‍ കമ്പനികളുടെ പരോക്ഷ പങ്കാളിത്തം ഈ ആട്ടിയോടിക്കലിലുണ്ട്. ഈ നവ കോളനിവത്കരണത്തെ തിരിച്ചറിയാന്‍ സൂക്കി ഭരണകൂടത്തിന് സാധിക്കുന്നില്ലെങ്കില്‍ രാജ്യത്തെ തീറെഴുതിയതിന്റെ പേരിലാകും അവര്‍ അറിയപ്പെടുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest