Connect with us

Kerala

ഹജ്ജ്: 9200 അപേക്ഷകര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തുടര്‍ച്ചയായി കഴിഞ്ഞ നാല് വര്‍ഷം അപേക്ഷ നല്‍കിയ 9200 പേര്‍ ഈ വര്‍ഷം കാറ്റഗറി ബി പ്ലസില്‍. തുടര്‍ച്ചയായി അഞ്ചാം വര്‍ഷ അപേക്ഷകരെന്ന നിലയില്‍ ഇവര്‍ക്ക് റിസര്‍വ്ഡ് എ ക്ക് പിന്നില്‍ അവസരം ലഭിക്കും.
കഴിഞ്ഞ വര്‍ഷം 11,000 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നു. സഊദി ഭരണകൂടം വിദേശ രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ക്വാട്ടയില്‍ 20 ശതമാനം വെട്ടിക്കുറച്ചത് ഈ വര്‍ഷം മുതല്‍ നീക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും.കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് 1,36,000 ഹാജിമാരെ അയക്കുന്നതിനാണ് സഊദി ഭരണകൂടം അനുമതി നല്‍കിയിരുന്നത്.ഇതില്‍ 36,000 സീറ്റ് സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ക്കായി നീക്കി വെച്ചിരുന്നു.
ഈ വര്‍ഷം ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് കേരളത്തിനുള്ള ക്വാട്ടയിലും വര്‍ധനവുണ്ടാകും. കഴിഞ്ഞ വര്‍ഷം 11,000 പേര്‍ക്ക് അവസരം ലഭിച്ചെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ നിന്ന് ആയിരം പേര്‍ക്ക് കൂടി അവസരം ലഭിച്ചേക്കും. ഇക്കാരണത്താല്‍ 70 വയസ് തികഞ്ഞവരും കാറ്റഗറി ബി യിലെ മുഴുവന്‍ അപേക്ഷകര്‍ക്കും അവസരം നല്‍കിയതിന് പുറമെ നാലാം വര്‍ഷ അപേക്ഷകരിലെ രണ്ടായിരം പേര്‍ക്കെങ്കിലും ഹജ്ജ് യാത്രാനുമതി ലഭിച്ചേക്കും. 9,200 പേര്‍ കാറ്റഗറി ബി യില്‍ ഉള്‍പെട്ടവരായുണ്ടെങ്കിലും ഇവരില്‍ പലരും സ്വകാര്യ സംഘങ്ങള്‍ വഴി ഹജ്ജ് നിര്‍വഹിക്കുകയോ അവിചാരിതമായ കാരണങ്ങളാല്‍ ഈ വര്‍ഷം യാത്ര മാറ്റിവെക്കുകയോ ചെയ്താല്‍ ഇത്രയും ഒഴിവുകള്‍ക്ക് പകരമായാണ് നാലാം വര്‍ഷക്കര്‍ക്ക് അവസരം ലഭിക്കുക. എന്നാല്‍ റിസര്‍വ് എ കാറ്റഗറിയിലെ അപേക്ഷകരുടെ എണ്ണം അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂ. മാര്‍ച്ച് ഒന്നു മുതല്‍ എട്ടു വരെ തിയതികള്‍ക്കുള്ളിലായി എല്ലാ സംസ്ഥാനങ്ങളിലെയും നറുക്കെടുപ്പ് നടക്കും. കേരളത്തില്‍ തിരഞ്ഞെടുപ്പ് ആദ്യം നടക്കാനാണ് സാധ്യത. ഈ മാസം 24 വരെ ഹജ്ജ് അപേക്ഷ സ്വീകരിക്കും.

Latest