യുവതിയുടെ മൃതദേഹം ജനലഴികളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍

Posted on: January 6, 2017 11:01 am | Last updated: January 6, 2017 at 11:01 am
SHARE

പെരിന്തല്‍മണ്ണ: യുവതിയുടെ മൃതദേഹം താമസിക്കുന്ന വാടക വീട്ടിലെ ജനല്‍ കമ്പികളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ പുല്ലാനിക്കുണ്ടന്‍ ഷമീന (36) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.

കുന്നപ്പള്ളി അടിവാരത്ത് വാടക ക്വാട്ടേഴ്‌സിലാണ് സംഭവം. താഴെക്കോട് അരക്കുപറമ്പ് ചിതലിക്കുന്നന്‍ അബ്ബാസ് എന്ന മണിയുടെ ഭാര്യയാണ്. ഇയാള്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. മക്കളായ രിസ്‌വാന്‍, ഫര്‍ഹാന്‍, സഫ്‌ന എന്നിവര്‍ സ്‌കൂള്‍വിട്ട് വ്യാഴാഴ്ച വൈകീട്ട് മടങ്ങിയത്തെിയപ്പോഴാണ് വീടിന്റെ ജനലഴികളില്‍ കഴുത്തില്‍ കയറിട്ട് ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടത്. കുട്ടികള്‍ വന്നപ്പോള്‍ വീടിന്റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ വാര്‍ഡ് കൗണ്‍സിലറേയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് ശരിയാക്കുന്നതിനായി അബ്ബാസ് രാവിലെ വീട്ടില്‍ നിന്ന് പോയതായി കുട്ടികള്‍ പറയുന്നു.

മരവണവിവരമറിഞ്ഞ് അബ്ബാസിനെ അന്വേഷിച്ചെങ്കിലും ഇയാളെ രാത്രി എട്ടര വരെ കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നേരത്തെ മാനത്തുമംഗലം ഭാഗത്തായിരുന്നു അബ്ബാസും കുടുംബവും താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് ഇവര്‍ അടിവാരം വെട്ടി റോഡിലെ ചിറക്കല്‍ ശരീഫിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസത്തിനെത്തിയത്. ജൂബിലി റോഡില്‍ പുല്ലാനിക്കുണ്ടന്‍ മുഹമ്മദ,് സഫിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സാബിറ, സലീന. സി ഐ സാജു കെ എബ്രഹാം, എസ് ഐ. വി പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.