ചെല്‍സിക്ക് ടോട്ടനം ഷോക്ക്‌

Posted on: January 6, 2017 9:54 am | Last updated: January 6, 2017 at 10:55 am
SHARE
ടോട്ടനത്തിനായി ഡെലെ അലി ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ വിജയപരമ്പരക്ക് ടോട്ടനം ബ്രേക്കിട്ടു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം നീലപ്പടയെ തുരത്തിയത്. ഡെലെ അലിയുടെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് വിജയം സമ്മാനിച്ചത്. 45, 54 മിനുട്ടുകളില്‍ ഹെഡ്ഡറിലൂടെയായിരുന്നു അലി ഇരു ഗോളുകളും കണ്ടെത്തിയത്.

അന്റോണിയോ കോന്റയുടെ ടീമിന്റെ 13 മത്സരങ്ങളുടെ ജൈത്രയാത്രക്കാണ് ടോട്ടനം അന്ത്യം കുറിച്ചത്. ആഴ്‌സണല്‍ 2003- 2004 സീസണില്‍ നേടിയ 14 തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരമാണ് ചെല്‍സിക്ക് തോല്‍വിയോടെ നഷ്ടമായത്. തോറ്റെങ്കിലും 49 പോയന്റുമായി ചെല്‍സി തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ടോട്ടനം മൂന്നാം സ്ഥാനത്തേക്ക് കയറി. ടോട്ടനത്തിനും സിറ്റിക്കും 42 പോയന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ടോട്ടനം മൂന്നാമത്തെത്തുകയായിരുന്നു. 44 പോയിന്റുമായി ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. 41 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാമതാണ്.