മോഷണ ശ്രമം: പ്രതിയെ റിമാന്‍ഡ് ചെയ്തു

Posted on: January 5, 2017 3:05 pm | Last updated: January 5, 2017 at 3:05 pm

കല്‍പ്പറ്റ: കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ ചുണ്ടേല്‍ സ്വദേശി മിഥുനിനെ (27) കല്‍പ്പറ്റ സി ജെ എം കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കല്‍പ്പറ്റ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന പിണങ്ങോട് സ്വദേശി തന്‍സീറിന്റെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ആളില്ലാത്ത വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ലാപ്‌ടോപ്പ്, സ്മാര്‍ട് ഫോണുകള്‍ തുടങ്ങിയവ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് മിഥുനെന്ന് കല്‍പ്പറ്റ എസ് ഐ ജയപ്രകാശ് പറഞ്ഞു.കല്‍പ്പറ്റ സഹകരണബേങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ മിഥുന്‍ കുത്തിതുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടവരോട് തന്റെ മുതലാളിയുടെ കാറാണെന്നും, ഡോര്‍ തുറക്കാന്‍ കഴിയാത്തിനാലാണ് കുത്തിതുറക്കാന്‍ ശ്രമിക്കുന്നെതന്നുമാണ് മിഥുന്‍ പറഞ്ഞത്. പീന്നീട് കല്ലുപയോഗിച്ച് ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം ബലപ്പെടുകയും മിഥുനെ കയ്യോടെ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു. ടാബ്ലെറ്റാണെന്ന് തെറ്റിദ്ധരിച്ച് കാറിനുള്ളിലുണ്ടായിരുന്ന ചെറിയബാഗ് മോഷ്ടിക്കാനായിരുന്നു മോഷ്ടാവിന്റെ ശ്രമം.