Connect with us

Kerala

രാഷ്ട്രീയകാര്യ സമിതി 14ന് : ഉമ്മന്‍ ചാണ്ടി വിട്ടുനിന്നേക്കും

Published

|

Last Updated

തിരുവനന്തപുരം: ഡി സി സി അധ്യക്ഷന്മാരെ നിയമിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി 14ന് ചേരാന്‍ നിശ്ചയിച്ച രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വീണ്ടും സൂചന നല്‍കി. പ്ലാസ്റ്റിക് നോട്ടടിക്കാന്‍ ബ്രിട്ടീഷ് കമ്പനിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചുള്ള ദുരൂഹത വ്യക്തമാക്കാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്.
ദേശീയ പ്രാധാന്യമുള്ള വിഷയം രാഷ്ട്രീയകാര്യ സമിതിയില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, വിഷയം ഇതിനകം എല്ലാവരും അറിഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ വേണ്ടിയാണ് താങ്കള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കുമോ എന്ന് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ നിങ്ങള്‍ക്കു ചോദിക്കുന്നതില്‍ മാത്രമേ കണ്‍ഫ്യൂഷന്‍ ഉള്ളൂ എന്നും അല്ലാതെ ഒരു കണ്‍ഫ്യൂഷനും നിങ്ങള്‍ക്കില്ലെന്നു എനിക്കറിയാമെന്നുമായിരുന്നു മറുപടി. അതേസമയം, രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി എത്തിയില്ലെങ്കില്‍ അദ്ദേഹത്തിന് പറയേണ്ട കാര്യങ്ങള്‍ താന്‍ പറയുമെന്ന് വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത കെ മുരളീധരനും വ്യക്തമാക്കി. മുരളീധരന്‍ എ ഗ്രൂപ്പിനോട് അടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കെ മുരളിയുടെ ഈ വാക്കുകള്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതായി.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ എ ഐ സി സി നിയോഗിച്ച മുന്‍ കേന്ദ്രമന്ത്രി തങ്കബാലുവിന്റെ സാന്നിധ്യത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താസമ്മേളനം. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം നടത്താന്‍ കെ പി സി സി ഓഫീസും ഉപയോഗിച്ചില്ല. പ്രസ്‌ക്ലബിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താസമ്മേളനം. നഗരത്തിലെ എം എല്‍ എമാരായ കെ മുരളീധരനും വി എസ് ശിവകുമാറും കെ പി സി സി വൈസ് പ്രസിഡന്റ് തമ്പാനൂര്‍ രവിയും ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ദേശീയ ശ്രദ്ധയാകര്‍ഷിക്കാവുന്ന വിഷയം രണ്ടാംതവണയാണ് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു മാധ്യമങ്ങളെ അറിയിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യൂവിവിന്റെ പ്രവര്‍ത്തവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ദൂരീകരിക്കണമെന്നാവശ്യപ്പെട്ടാണു ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാവുന്ന വിഷയമായിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ വിഷയം ഗൗരവമായി എടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്കു കെ വി തങ്കബാലുവാണ് മറുപടി നല്‍കിയത്. ഉമ്മന്‍ ചാണ്ടി കേരളത്തിലെ മാത്രം നേതാവല്ല. വിഷയം കൈകാര്യം ചെയ്യേണ്ട രീതിയില്‍ അതു ചെയ്യും. ആര്‍ക്കും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാകില്ലെന്നും തങ്കബാലു വ്യക്തമാക്കി.
അതേസമയം, വിഷയങ്ങള്‍ ആര് പറഞ്ഞു എന്നതല്ല, എന്തു പറഞ്ഞു എന്നതാണു പ്രധാനമെന്നും താന്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ചെറിയ ഒരു ഭാഗമാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.