ഖത്വര്‍ ജിനോം പ്രാരംഭ പദ്ധതികള്‍ ഈ വര്‍ഷം മധ്യത്തില്‍ പൂര്‍ത്തിയാകും

Posted on: January 4, 2017 8:10 pm | Last updated: January 4, 2017 at 8:10 pm

ദോഹ: ഖത്വര്‍ ജിനോം പ്രാരംഭപദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം മധ്യത്തില്‍ പൂര്‍ത്തിയാകും. പദ്ധതിയുടെ ഭാഗമായി 3000 സാമ്പിളുകള്‍ കൂടി ക്രമപ്പെടുത്തും. രണ്ട് വര്‍ഷം നീണ്ട ഒന്നാം ഘട്ടം 2015 സെപ്തംബറിലാണ് തുടങ്ങിയത്. രണ്ട് വര്‍ഷങ്ങളിലായി ആറായിരം സ്വദേശികളുടെ ജിനോം മാപ്പിങ്ങ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തര്‍ ബയോബാങ്കിന് കീഴിലാണ് പദ്ധതി.

നിലവില്‍ ഗവേഷകരുടെ വലിയ ശൃംഖലയാണ് പദ്ധതിയില്‍ പങ്കാളികളാകുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വര്‍ഷത്തില്‍ 3000ലധികം സാമ്പിളുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഖത്തര്‍ ബയോബാങ്കിന്റെ സ്ഥൂലരൂപ ഡേറ്റകളും ഖത്തര്‍ ജിനോമിന്റെ ജെനോടൈപ്പ് ഡേറ്റകളും സമന്വയിപ്പിച്ചാണ് ഗവേഷണം. പദ്ധതിയുടെ അവസാന ഘട്ടമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. രോഗ നിര്‍ണയം മുതല്‍ മരുന്നുകള്‍ നല്‍കുന്നതില്‍ വരെയുള്ള ഘട്ടങ്ങളില്‍ ജിനോം മാപ്പിങ്ങിന്റെ ഗവേഷണ ഫലങ്ങള്‍ ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. സംയോജിത സഹകരണ പ്രവര്‍ത്തന സാഹചര്യം രൂപപ്പെടുത്തുന്നതിന് ഖത്തറിലെ ബയോ മെഡിക്കല്‍ ഗവേഷണ സമൂഹത്തിന് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഖത്തര്‍ ജിനോം പ്രോഗ്രാം(ക്യുജിപി) ചെയ്യുന്നത്. ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വ്യക്തിഗത ആരോഗ്യപരിചരണം ലഭ്യമാക്കുന്നതില്‍ ജിനോമിക്‌സ് പഠനങ്ങള്‍ വഴിതുറക്കും. ദേശീയതലത്തില്‍ വ്യക്തിഗത ആരോഗ്യപമേഖലയുടെ കവാടമായും ഖത്തറിന്റെ ഭാവിശാസ്ത്രപുരോഗതിയുടെ നാഴികക്കല്ലായും ക്യുജിപി വര്‍ത്തിക്കുന്നു.