മതത്തെ ഉപയോഗപ്പെടുത്തുന്നവരാണ് ശ്രദ്ധിക്കേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Posted on: January 3, 2017 7:49 am | Last updated: January 2, 2017 at 11:50 pm
SHARE

മലപ്പുറം: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോള്‍ കോണ്‍ഗ്രസിലെ തര്‍ക്കമല്ല യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയവുമല്ല ഇത്. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ ലീഗിന്റെ ആവശ്യവുമില്ല. രാജ്യം ഗുരുതരമായ പ്രശ്‌നം അഭിമുഖീകരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മതം ഉപയോഗിക്കരുതെന്ന സുപ്രീകോടതിയുടെ വിധി രാജ്യത്ത് നേരത്തെ നിലനില്‍ക്കുന്ന നിയമം തന്നെയാണ്. സുപ്രീം കോടതി വിധി മുഴുവന്‍ പുറത്ത് വന്നതിന് ശേഷമേ അതിനെക്കുറിച്ച് നിലപാടെടുക്കാന്‍ സാധിക്കൂ. മതത്തെയും ജാതിയെയും തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം വികസനത്തിലേക്കു കുതിച്ചുകൊണ്ടിരുക്കുന്ന ഇന്ത്യയെ നരേന്ദ്ര മോദി റിവേഴ്‌സ് ഗിയറിലിട്ടു പിറകോട്ട് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായ ദുരിതം വര്‍ഷങ്ങളെടുത്താലും തീരില്ല. കേന്ദ്രത്തിലും കേരളത്തിലും ഭരണം കൈയാളുന്നവര്‍ ജനവിരുദ്ധ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. ഇത്തരം ജനവിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാറിന് സാധിച്ചില്ല. അരിയില്ലാതെ ജനം വലയുന്നു. രൂക്ഷമായ വരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ ആവശ്യമായ ക്രിയാത്മക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം സമരം ചെയ്തത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here