അറക്കല്‍ മ്യൂസിയം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Posted on: December 31, 2016 9:37 am | Last updated: December 31, 2016 at 9:37 am

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിന്റെ കൊട്ടാരമായ അറക്കല്‍ മ്യൂസിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ പുരാവസ്തുവകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി ആദ്യഘട്ടം അറക്കല്‍ മ്യൂസിയത്തെ പൈതൃക മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ രാജകുടുംബാംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് അറക്കല്‍ മ്യൂസിയം പുരാവസ്തു വകുപ്പിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തിന് കൈമാറാന്‍ ധാരണയായത്. ജില്ലയുടെ പൈതൃകം, പാരമ്പര്യം, ചരിത്രം, നാടന്‍ കലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അമൂല്യശേഖരങ്ങള്‍ ഉള്‍പ്പെടുത്തി അറക്കല്‍ മ്യൂസിയത്തെ നവീകരിക്കാനാണ് പദ്ധതി. കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മേയര്‍ ഇപി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, രാജകുടുംബത്തിന്റെ പ്രതിനിധി ആദിരാജ മുഹമ്മദ്, പുരാവസ്തു വകുപ്പ് ഡയരക്ടര്‍ ജെ രജികുമാര്‍ ,കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ ഭൂപേഷ് എസ്, ഫീല്‍ഡ് അസിസ്റ്റന്റ് കെ കൃഷ്ണരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അറക്കല്‍ കൊട്ടാരത്തിന്റെ ദര്‍ബാര്‍ ഹാളാണ് നേരത്തെ സര്‍ക്കാറിനു കീഴില്‍ മ്യൂസിയം ആയി സജ്ജീകരിച്ചിരുന്നത്. 2005ല്‍ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 90 ലക്ഷം രൂപയോളം മുടക്കി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം 2005 ജൂലൈയിലാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. ഈ സര്‍ക്കാറിന്റെ പ്രഥമ ബജറ്റിലും 15 കോടി രൂപ മ്യൂസിയത്തിനായി അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഇനി നടപ്പാക്കുക. അറക്കല്‍ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍, ബീജാപൂര്‍ സുല്‍ത്താന്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയ നിരവധി ഭരണകൂടങ്ങളുമായി നടത്തിയ കത്തുകള്‍, പഴയ ഖുര്‍ആന്‍, ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികള്‍, വൈവിധ്യമാര്‍ന്ന പത്തായങ്ങളും ഫര്‍ണീച്ചറുകളും, ആദ്യ കാല ടെലഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്ഫടികത്തിലും ലോഹങ്ങള്‍ കൊണ്ടുമുള്ള പാത്രങ്ങള്‍ തുടങ്ങിയ നിരവധി പൈതൃക സ്വത്തുക്കള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കല്‍ മ്യൂസിയം.