ഇന്ത്യ നിശ്ചലമായ 50 ദിനങ്ങള്‍

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാന്‍ രാജ്യസ്‌നേഹത്തെ കരുതി കാത്തിരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി കഴിഞ്ഞിട്ടും പണത്തിനായിട്ടുള്ള വരികളുടെ നീളം കൂടിവരികയാണ്. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്കോ ധനമന്ത്രാലയത്തിനോ റിസര്‍വ് ബേങ്കിനോ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നില്ലെന്നാണ് പിന്നീടുണ്ടായ അവ്യക്തതകളും ആശയക്കുഴപ്പങ്ങളും വ്യക്തമാക്കുന്നത്. അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനുമുള്ള നിബന്ധനകളും തീയതികളും പല തവണ ആര്‍ ബി ഐ മാറ്റിക്കൊണ്ടിരുന്നു. അസാധുവാക്കല്‍ സംബന്ധിച്ച 60-ല്‍ അധികം നോട്ടിഫിക്കേഷനുകളാണ് ഒരു മാസത്തിനിടെ റിസര്‍വ് ബേങ്ക് പുറപ്പെടുവിച്ച ശേഷം പിന്‍വലിച്ചത്. രാജ്യം നേരിടുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥക്ക് ഇതില്‍പ്പരം ഒരു തെളിവ് വേണ്ട. തുടക്കത്തില്‍ നടപടിയെ പ്രകീര്‍ത്തിച്ച സാമ്പത്തിക, ഭരണവിദഗ്ധരും പിന്നീട് നിലപാട് തിരുത്തി.
Posted on: December 31, 2016 9:10 am | Last updated: December 31, 2016 at 9:10 am

കറന്‍സി റദ്ദാക്കലിന്റെ ദുരിതക്കയങ്ങളില്‍ നിന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങളെ കരകയറ്റാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി അവസാനിച്ചിരിക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ച ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ആവശ്യപ്പെട്ടത് 50 ദിവസമാണ്. ഈ സമയത്തും, രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സാമ്പത്തിക അടിയന്തരാവസ്ഥക്ക് തുല്യമായ അസാധാരണ സാഹചര്യത്തിലേക്ക് വലിച്ചിഴച്ച പരിഷ്‌കാരത്തില്‍ ഇന്ത്യ എന്ത് നേടി എന്ന ചോദ്യം മാത്രം ബാക്കി നില്‍ക്കുന്നു. കൃത്യമായ ലക്ഷ്യബോധമില്ലാതെ, കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ നടപടിയെന്ന നിലയില്‍ അടിച്ചേല്‍പ്പിച്ച തീരുമാനം രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ‘ഡിജിറ്റല്‍ മണി വ്യാപന’ത്തിലേക്കും ‘കറന്‍സി രഹിത രാജ്യ’ത്തിലേക്കും വഴി തിരിഞ്ഞപ്പോള്‍ നട്ടം തിരിഞ്ഞത് ജനത തന്നെയാണ്. പിന്‍വലിച്ച നോട്ടുകളുടെ മൂല്യം 15.4 ലക്ഷം കോടി എന്നാണ് ധനമന്ത്രാലയത്തിന്റെ അവസാന കണക്ക്. ഇതില്‍ 14.5 ലക്ഷം കോടിയിലധികം തിരികെയെത്തി എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ നടപടിയുടെ ആത്യന്തികമായ പ്രയോജനം ആര്‍ക്കാണെന്നും എന്താണെന്നും രാജ്യത്തെ ജനങ്ങളോട് നരേന്ദ്ര മോദി തന്നെ വിശദീകരിക്കേണ്ടി വരും.
നടുവൊടിഞ്ഞ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാന്‍ രാജ്യസ്‌നേഹത്തെ കരുതി കാത്തിരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി കഴിഞ്ഞിട്ടും പണത്തിനായിട്ടുള്ള വരികളുടെ നീളം കൂടിവരികയാണ്. സമയപരിധിക്കുള്ളില്‍ കറന്‍സി ലഭ്യതക്കുറവും സാമ്പത്തിക അനിശ്ചിതാവസ്ഥയും പരിഹരിക്കാനായില്ലെങ്കില്‍ തന്നെ തൂക്കിലേറ്റാനാണ് മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്. പക്ഷേ, സാധാരണക്കാരന്റെ പാളം തെറ്റിയ ജീവിതക്രമം പൂര്‍വസ്ഥിതിയിലെത്താന്‍ എത്രകാലം വേണ്ടിവരുമെന്നത് കാത്തിരുന്നു കാണണം. പഞ്ചവത്സര പദ്ധതികളിലൂടെയും ദീര്‍ഘവീക്ഷണമുള്ള നയരൂപവത്കരണങ്ങളിലൂടേയും ഇന്ത്യ കെട്ടിപ്പെടുത്ത സുശക്തമായ ഒരു അടിത്തറയുടെ മുകളില്‍ രാജ്യം കൈവരിച്ച വളര്‍ച്ചയുടെ ഗതിവേഗം നിലച്ചു പോയെന്നതാണ് നോട്ട് പിന്‍വലിക്കലിന്റെ പ്രഥമ നേട്ടം. ഈ തീരുമാനത്തിന്റെ നടത്തിപ്പുകാരായ റിസര്‍വ് ബേങ്ക് പോലും രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാകുമെന്ന് കുറ്റസമ്മതം നടത്തുമ്പോള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാരെല്ലാം നട്ടം തിരിഞ്ഞു. സ്വദേശികള്‍ മാത്രമല്ല വിനോദസഞ്ചാര, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്കായി രാജ്യത്തുണ്ടായിരുന്ന വിദേശീയരും നോട്ടു പിന്‍വലിക്കലില്‍ ബുദ്ധിമുട്ടി. ഉത്പാദന, സേവന മേഖലകള്‍ നിശ്ചലമായി. ബേങ്കുകളിലും എ ടി എമ്മുകളിലും പണമില്ലാത്ത അവസ്ഥ.
പകരം നല്‍കേണ്ട നോട്ടുകള്‍ അച്ചടിക്കാതെയും പുതിയ നോട്ടുകള്‍ വെക്കാനുതകും വിധം എ ടി എമ്മുകള്‍ റീ കാലിബ്രേറ്റ് ചെയ്യാതെയും കറന്‍സി ചെസ്റ്റുകളിലും ബേങ്കുകളിലും പണം കരുതാതെയുമാണ് നോട്ടുകള്‍ അസാധുവാക്കിയത്. 2200 കോടി നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ 600 കോടി പോലും പകരം അച്ചടിച്ചില്ല. നോട്ട് പ്രിന്റ് ചെയ്യുന്ന എല്ലാ പ്രസ്സുകളിലും കൂടി 300 കോടി നോട്ടുകള്‍ മാത്രമാണ് ഒരു മാസം അച്ചടിക്കാനാകുക. അങ്ങനെ നോക്കിയാല്‍ തന്നെ ഇനിയും നാലു മാസം കൂടി വേണ്ടിവരും രാജ്യം സാധാരണ നിലയിലാകാന്‍. ബേങ്കുകളിലും എ ടി എമ്മുകളിലും കറന്‍സി ലഭ്യത ഉറപ്പ് വരുത്താതെ പ്രഖ്യാപിച്ച ഈ നടപടിയില്‍ സമ്പന്ന വിഭാഗങ്ങളൊഴികെ എല്ലാവരും കഠിന യാതനകളനുഭവിച്ചപ്പോള്‍ നേട്ടം കൊയ്തത് കോര്‍പ്പറേറ്റുകളാണ്. ഡിജിറ്റല്‍ മണി പ്രചാരണത്തിനായി ആഗോള ഐ ടി കോര്‍പറേറ്റുകളുടെ അംബാസിഡറാകാനും മോദി മടിച്ചില്ല. കറന്‍സി രഹിത രാജ്യമെന്നത് വീണ്ടുവിചാരമില്ലാത്ത സ്വപ്‌നമായി തന്നെ അവശേഷിക്കുകയേയുള്ളൂ വെന്നത് നിസ്തര്‍ക്കം. ഇന്ത്യയിലെ ജനസംഖ്യയില്‍ നാലില്‍ മൂന്നു പേര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ല എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ എതിരാളികളല്ല. ഇന്ത്യന്‍ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖ സംഘടനയായ അസോചവും പ്രമുഖ ഗവേഷണ സ്ഥാപനമായ ഡിലോയ്റ്റും ചേര്‍ന്ന് നടത്തിയ പഠനമാണ്.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സാധാരണ ജനങ്ങളെ പൊരിവെയിലില്‍ നിര്‍ത്തിയ പ്രധാനമന്ത്രി ഇപ്പോള്‍ ലക്ഷ്യം നഷ്ടപ്പെട്ട അസ്ത്രത്തിന്റെ അവസ്ഥയിലാണ്. പത്തില്‍ എട്ട് ഇടപാടുകളിലും കറന്‍സി കൈമാറ്റം നടക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആകെ ബേങ്ക് ശാഖകളുടെ എണ്ണം 1.85 ലക്ഷമാണ്. ഇതില്‍ 1.38 ലക്ഷവും നഗരങ്ങളിലാണ്. ഇന്ത്യയിലെ 6.4 ലക്ഷം ഗ്രാമങ്ങള്‍ക്കായുള്ള ബേങ്കു ശാഖകളുടെ എണ്ണം 47,433 മാത്രം. ഗ്രാമങ്ങളില്‍ ആകെയുള്ള എ ടി എമ്മുകളാകട്ടെ 25,000-ത്തില്‍ താഴെയാണ്. നോട്ട് അസാധുവാക്കല്‍ ജനജീവിതത്തെ എത്രമാത്രം ദുരിതപൂര്‍ണമാക്കിയെന്നതിന് ഈ കണക്കുകള്‍ ധാരാളം. ഇന്ത്യയില്‍ ആകെയുണ്ടെന്ന് കരുതുന്ന കള്ളപ്പണം 90 ലക്ഷം കോടിയെന്ന് സാമ്പത്തിക വിദഗ്ധര്‍. ഇതില്‍ തന്നെ ചെറിയൊരു ശതമാനമാണ് കറന്‍സിയായി സൂക്ഷിക്കുന്നത്. ബാക്കി വിദേശ ബേങ്കുകളില്‍ നിക്ഷേപമായും സ്വര്‍ണം, ഭൂമി, ബിനാമി നിക്ഷേപങ്ങളിലുമാണ് എന്നത് തന്നെ ഈ നടപടിയുടെ അന്തഃസത്തയും ഫലപ്രാപ്തിയും ചോദ്യം ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും 2015-16 കാലയളവില്‍ കറന്‍സിയായി കണ്ടെത്തിയ കള്ളപ്പണം ആറ് ശതമാനം മാത്രമാണ്. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നത്. 25.51 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ മാത്രം നവംബര്‍ എട്ടിന് ശേഷം എത്തിയത് 20000 കോടിയിലധികം പഴയ നോട്ടുകളാണ്. ഡിസംബര്‍ 23 വരെ വിവിധ റെയ്ഡുകളിലായി പിടിച്ചെടുത്തത് 3,590 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഇതില്‍ ഭൂരിഭാഗവും പുതിയ 2000-നോട്ടുകളാണെന്നതാണ് കൗതുകകരം.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനുശേഷം നടന്ന പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പോലും പ്രധാനമന്ത്രി രാജ്യത്തിന്റെ ദുരിതം കണ്ടില്ലെന്ന് നടിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും എല്ലാ പൗരന്‍മാരേയും ബാധിച്ച പ്രശ്‌നമെന്ന നിലയിലും പ്രധാനമന്ത്രി പ്രസ്താവന നടത്തുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, പ്രസ്താവന പോയിട്ട് ആദ്യത്തെ രണ്ടാഴ്ച പാര്‍ലമെന്റില്‍ പോലും അദ്ദേഹം ഹാജരായില്ല. വിമര്‍ശങ്ങള്‍ ശക്തമായപ്പോള്‍ പ്രതിപക്ഷത്തിന് സഭക്കു പുറത്ത് മറുപടി പറഞ്ഞ മോദി അവസാന ദിവസങ്ങളില്‍ മാത്രം താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ചോദ്യോത്തര ദിവസങ്ങളില്‍ മാത്രം സഭയില്‍ വന്നുപോയി. 21 ദിവസവും രാജ്യം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും നിലപാടെടുത്തിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. പകരം ഭരണപക്ഷം തന്നെ വിമര്‍ശങ്ങളെ ഭയന്ന് സഭാസമ്മേളനം സ്തംഭിപ്പിക്കുന്ന അത്യപൂര്‍വ പ്രതിഭാസത്തിനും കഴിഞ്ഞ സമ്മേളനം സാക്ഷിയായി. കറന്‍സി റദ്ദാക്കലില്‍ എന്‍ ഡി എക്കകത്തു നിന്നുപോലും വിമര്‍ശങ്ങള്‍ ഉയര്‍ന്നു.
ഏകാധിപതികളുടെ ഭരണശൈലിയില്‍ തീരുമാനത്തിന്റെ ആഘാതങ്ങളും ദോഷ ഫലങ്ങളും മുന്‍കൂട്ടി കാണാതെ, മുന്നൊരുക്കങ്ങള്‍ ഇല്ലാതെ, ക്യാബിനറ്റിലെ സഹപ്രവര്‍ത്തകരെ പോലും അറിയിക്കാതെ രാജ്യം ഉറങ്ങാന്‍ പോകുമ്പോള്‍ നടത്തിയ നോട്ട് റദ്ദാക്കല്‍ പ്രഖ്യാപനം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കി. എങ്കിലും തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയെ ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും ചോദ്യം ചെയ്തില്ല. പാര്‍ലിമെന്റില്‍ ചര്‍ച്ച നടന്നാല്‍ ജനങ്ങളുടെ യാതനകള്‍ വിവരിക്കപ്പെടുമെന്നുള്ളതിനാല്‍ ആ വാതില്‍ ആദ്യം തന്നെ സര്‍ക്കാര്‍ അടച്ചു. ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനായിരുന്നു തുടക്കം മുതല്‍ക്കേ പ്രധാനമന്ത്രിയുടെ വ്യഗ്രത. വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ നേരിടാനുളള ഉള്‍ക്കരുത്ത് തനിക്കില്ലെന്ന് മോദി സ്വയം തെളിയിച്ചിരിക്കുന്നു. ഈ തീരുമാനം ചരിത്രത്തില്‍ ഒരു വിഡ്ഢിത്തമായി രേഖപ്പെടുത്തുമെന്നതിന് സംശയമില്ല. നിയമനിര്‍മാണത്തിലും നയരൂപവത്കരണത്തിനുമെല്ലാം സര്‍ക്കാര്‍ അടിസ്ഥാനമാക്കുന്നത് ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങളാണെങ്കില്‍ ഈ തീരുമാനം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറിയെന്നതാണ് വസ്തുത. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്കോ ധനമന്ത്രാലയത്തിനോ റിസര്‍വ് ബേങ്കിനോ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നില്ലെന്നാണ് പിന്നീടുണ്ടായ അവ്യക്തകളും ആശയക്കുഴപ്പങ്ങളും സൂചിപ്പിക്കുന്നത്. അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനുമുള്ള നിബന്ധനകളും തീയതികളും പല തവണ ആര്‍ ബി ഐ മാറ്റിക്കൊണ്ടിരുന്നു. അസാധുവാക്കല്‍ സംബന്ധിച്ച 60-ല്‍ അധികം നോട്ടിഫിക്കേഷനുകളാണ് ഒരു മാസത്തിനിടെ റിസര്‍വ് ബേങ്ക് പുറപ്പെടുവിച്ച ശേഷം പിന്‍വലിച്ചത്. രാജ്യം നേരിടുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥക്ക് ഇതില്‍പ്പരം ഒരു തെളിവ് വേണ്ട. ജി ഡി പി യില്‍ 0.6 ശതമാനത്തിന്റെ കുറവ് പ്രവചിക്കുന്ന ആര്‍ ബി ഐ ഇടക്കാല വായ്പാ നയത്തിലും ആശ്വാസകരമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. തുടക്കത്തില്‍ നടപടിയെ പ്രകീര്‍ത്തിച്ച സാമ്പത്തിക, ഭരണവിദഗ്ധരും പിന്നീട് നിലപാട് തിരുത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പാളം തെറ്റിയെന്ന എച്ച് ഡി എഫ് സി ബേങ്ക് ചെയര്‍മാന്‍ ദീപക് പരേഖിന്റെ പ്രസ്താവന തന്നെ പ്രതിസന്ധി സാക്ഷ്യപ്പെടുത്തലായി. സുപ്രീം കോടതിയില്‍ നിന്നു പോലും വിമര്‍ശം ഏറ്റുവാങ്ങിയ സര്‍ക്കാര്‍ പക്ഷേ, തങ്ങളുടെ കെടുകാര്യസ്ഥത അംഗീകരിച്ചിട്ടില്ല. ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ നടത്തിയ ഒരു അസാധാരണ നടപടിയെന്ന നിലയില്‍ തുടക്കത്തിലേ പാളിപ്പോയ ഒരു തീരുമാനമാണ് നോട്ട് റദ്ദാക്കല്‍.
നോട്ട് പിന്‍വലിക്കലിന്റെ ദുരിതങ്ങളില്‍ രാജ്യത്ത് പൊലിഞ്ഞത് 84 വിലപ്പെട്ട ജീവനുകളാണ്. തീരുമാനം നടപ്പിലാക്കിയ രീതി പരാജയപ്പെട്ടെന്ന് മോദിക്ക് ബോധ്യപ്പെട്ട നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നു പറഞ്ഞ മോദി പിന്നീട് നിലപാട് മാറ്റി. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ മോദിയെ മുമ്പിലിരുത്തി നടത്തിയ പ്രസംഗം രാജ്യത്തെ യഥാര്‍ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്നതായിരുന്നു. കെടുകാര്യസ്ഥതമൂലം രാജ്യം നട്ടം തിരിയുകയാണെന്നും ജി ഡി പി 6 ശതമാനത്തിലേക്ക് താഴ്ത്തുവാന്‍ ഈ തീരുമാനം കാരണമാകുമെന്നും പറഞ്ഞ മന്‍മോഹന്‍സിംഗ് മോദിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ജനങ്ങള്‍ ബേങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതു രാജ്യമാണ് ലോകത്തുള്ളത് എന്ന ആ ചോദ്യം ഓരോ ഇന്ത്യാക്കാരനും തങ്ങളുടെ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ്.
കറന്‍സിരഹിത രാജ്യവും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹനവുമാണ് ലക്ഷ്യമെങ്കില്‍ അതിന് രാജ്യം ഇനിയുമേറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ദുരിതങ്ങള്‍ക്കൊപ്പം ക്യൂവുകളും നീണ്ടുപോകുന്നു. നിയമ നിര്‍മ്മാണ സഭയെ വിശ്വാസത്തിലെടുക്കാത്ത ഒരു പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആ രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണമേഖല, ഉല്പാദന-സേവനരംഗത്തെ സ്ഥാപനങ്ങള്‍ വാഹന-വസ്ത്രവിപണി, ക്ഷീര-മത്സ്യബന്ധന മേഖല തുടങ്ങി ചെറുകിട വ്യവസായങ്ങളും വഴിയോര വാണിഭവും ഉള്‍പ്പടെ നിത്യജീവിതത്തിന്റെ ഭാഗമായ സമസ്ത മേഖലകളേയും കറന്‍സി റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായി ബാധിച്ചു. സഹകരണ ബേങ്കിംഗ് മേഖല നിശ്ചലമായി. സാധാരണ ജനങ്ങള്‍ ആഹാരം കഴിക്കാനോ മരുന്നുവാങ്ങാനോ യാത്രകള്‍ക്കോ പോലും പണമില്ലാതെ നട്ടം തിരിഞ്ഞു. എ ടി എമ്മുകളിലും ബേങ്കുകളിലും മണിക്കൂറുകള്‍ ക്യൂ നിന്ന് കിട്ടുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറിയെടുക്കാനാവാത്ത അവസ്ഥ അതി സങ്കീര്‍ണമായിരുന്നു. ചെറിയമൂല്യമുള്ള നോട്ടുകളുടെ ലഭ്യത കുറവ് സാധാരണക്കാരുടെ നിത്യജീവിതത്തെ നിശ്ചലമാക്കി. അസാധു നോട്ടുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വന്‍കിടക്കാര്‍ക്ക് മാറ്റി നല്‍കിയത് ബേങ്കുകള്‍ തന്നെയാണ്. നടപ്പാക്കലിലും ആസൂത്രണത്തിലും തികഞ്ഞ പരാജയമായി പോയ ലക്ഷ്യബോധമില്ലാത്ത കറന്‍സി റദ്ദാക്കലില്‍ കോര്‍പ്പറേറ്റുകള്‍ തഴച്ചു വളരുമ്പോള്‍ സാധാരണക്കാരനു മുമ്പില്‍ നാളെയുടെ വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. തളര്‍ന്നുപോയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനഃരുജീവിപ്പിക്കാന്‍ രാജ്യം പുതിയ വഴികള്‍ തേടേണ്ടി വരും.