നോട്ട് പ്രതിസന്ധി തിരിച്ചടവിനെ ബാധിച്ചു: വായ്പയെടുത്തവര്‍ക്ക് ബേങ്കുകളുടെ ജപ്തി ഭീഷണി

Posted on: December 30, 2016 12:12 am | Last updated: December 29, 2016 at 11:54 pm

കോഴിക്കോട്: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാനാകാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ജപ്തി ഭീക്ഷണികളുമായി ബേങ്കുകള്‍. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ വിവിധ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത ആയിരകണക്കിനാളുകള്‍ക്കാണ് തുക തിരിച്ചടക്കാന്‍ കഴിയാതെ ബേങ്കുകളുടെ ഭീഷണി നേരിടുന്നത്.
നോട്ട് നിരോധനം വന്നതോടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്തതാണ് വിദ്യാഭ്യാസ വായ്പയുടെ മാസ അടവുകള്‍ മുടങ്ങാന്‍ കാരണം. പണം അടച്ചില്ലെങ്കില്‍ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടില്‍ പെടുത്തുമെന്നുള്ള നിരവധി ഭീഷണികളുമായാണ് ബേങ്കുകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയുണ്ടായിട്ടും കടകളില്‍ കൊടുത്താല്‍ പണം ലഭിക്കാത്തതാണ് കര്‍ഷകരെയും കര്‍ഷക കുടുംബങ്ങളെയും അലട്ടുന്ന പ്രശ്‌നം. ആഴ്ചയില്‍ 24,000 രൂപ മാത്രമേ ബേങ്കുകളില്‍ നിന്ന് പരമാവധി പിന്‍വലിക്കാന്‍ കഴിയൂവെന്നതിനാല്‍ ഉത്പന്നങ്ങളുടെ വില, വില്‍പ്പന സമയത്തുതന്നെ കര്‍ഷകര്‍ക്ക്് കൊടുക്കാന്‍ വ്യാപാരികള്‍ക്ക് കഴിയുന്നില്ല. കറന്‍സിയുടെ അഭാവത്തില്‍ ചെക്കുകളാണ് വ്യപാരികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്്. വ്യാപാരികളുടെ ചെക്കുകളധികവും ഗ്രാമീണ ബേങ്കുകളിലോ ജില്ലാ ബേങ്കുകളിലോ ആയിരിക്കുമെന്നതിനാല്‍ 6,000 രൂപയില്‍ താഴെ മാത്രമെ ഇടപാടുകാര്‍ക്ക് ഒരാഴ്ച ലഭിക്കുകയുള്ളു. ബേങ്കുകളില്‍ നോട്ട് ആവശ്യത്തിന് എത്തിയിട്ടുമില്ല.
സംസ്ഥാനത്താകെ നാല് ലക്ഷത്തോളം പേര്‍ വിദ്യാഭ്യാസ വായപ എടുത്തിട്ടുണ്ട്്. 35,000 പേര്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ലോണ്‍ എടുത്തിട്ടുണ്ട്. ഇതില്‍ മുപ്പത് ശതമാനത്തിലധികം ജില്ലയുടെ മലയോര മേഖലയില്‍ നിന്നുള്ളവരാണ്്്. നേഴ്‌സിംഗ്, പരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കാണ് മലയോര കുടുംബങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായപയെടുത്തിരിക്കുന്നത്്. കോഴ്‌സ് കഴിഞ്ഞ് ജോലി ലഭിച്ചാല്‍ ആറ് മാസം മുതലും ജോലി ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞും അടവ് തുടങ്ങണം. നാല് ലക്ഷത്തോളം രൂപ വായ്പയെടുത്തയാള്‍ക്ക് പ്രതിമാസം പതിനായിരം രൂപയോളം അടവും പലിശയുമായി വരും. കോഴ്‌സുകള്‍ കഴിഞ്ഞ് ജോലിക്ക് കയറിയാല്‍ വായ്പ അടക്കാനുള്ള ശമ്പളം പോലും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസ വായ്പക്ക് ഒരു തരത്തിലുള്ള ഈടും വാങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ലോണ്‍ എടുക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന്് കൂട്ട് ജാമ്യക്കാരുടെ രേഖ ഒപ്പിട്ടു വാങ്ങുന്നുണ്ട്. കൂടാതെ ചില ബേങ്കുകളില്‍ സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പിയും ഉദ്യോഗസ്ഥര്‍ വാങ്ങുന്നതായി പരാതിയുണ്ട്.

നാല് ലക്ഷം രൂപയില്‍ കൂടുതലുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ഗ്യാരണ്ടികള്‍ നല്‍കേണ്ടതുള്ളു. ആധാരത്തിന്റെ കോപ്പിയും കൂട്ട് ജാമ്യക്കാരനായുള്ള രക്ഷിതാക്കളുടെ ഒപ്പും രേഖയായി വാങ്ങുന്നതോടെ കുടുംബവും വിദ്യാര്‍ഥിയെടുത്ത ലോണില്‍ പങ്കാളിയാകുകയാണ്. വായ്പയെടുത്തയാള്‍ പണം അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ വരെ ബേങ്കുകള്‍ക്ക് സ്വീകരിക്കാനാകും. വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒമ്പത് ശതമാനം മുതല്‍ പലിശയാണ് കണക്കാക്കിയിരിക്കുന്നത്്. തിരിച്ചടവ് വൈകുന്നതിനനുസരിച്ച് 12 മുതല്‍ 18 ശതമാനം വരെയെത്തും. നാല് ലക്ഷം രൂപ വായ്പയെടുത്തവര്‍ക്ക് കൂട്ട് പലിശയായി കണക്കാക്കുന്നതിനാല്‍ വലിയൊരു തുകയാണ് തിരിച്ചടവ് വരുക. വിദ്യാഭ്യാസ വായ്പയെടുത്ത ഉദ്യോഗാര്‍ഥികള്‍ വന്‍ കടക്കാരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.

വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും ഈ മേഖലയിലുള്ള അജ്ഞതകള്‍ മുതലെടുത്താണ് ബേങ്കുകളുടെ നടപടികള്‍. നാല്് ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായ സബ്‌സിഡി നല്‍കുന്നുണ്ട്്. എന്നാല്‍ 2009 ന് ശേഷം എടുത്ത വായ്പകള്‍ക്ക് മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളു. വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാന്‍ ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടങ്കിലും അത് ഗുണഭോക്താക്കളില്‍ എത്തിതുടങ്ങിയിട്ടില്ല.