‘നാലടിച്ച് ടോട്ടനം

Posted on: December 30, 2016 12:30 am | Last updated: December 29, 2016 at 11:43 pm
ടോട്ടനമിനെതിരെ സതംപ്ടണിനായി വാന്‍ ജിക് ഹെഡറിലൂടെ ഗോള്‍ നേടുന്നു

ലണ്ടന്‍: ഡെലെ അല്ലിയും ഹാരി കാനും സുന്‍ ഹ്യുംഗ് മിനും വലകുലുക്കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിന് സതംപ്ടണിന്റെ തട്ടകത്തില്‍ മോഹജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ടോട്ടനം ജയിച്ചു കയറിയത്. രണ്ടാം മിനുട്ടില്‍ പിറകിലായ ടോട്ടനം ആദ്യ പകുതിയില്‍ സമനില പിടിച്ച്, രണ്ടാം പകുതിയില്‍ തകര്‍ത്താടുകയായിരുന്നു. ഡെലെ അല്ലി (19, 87), ഹാരി കാന്‍ (52), സുന്‍ ഹ്യുംഗ് മിന്‍ (85) എന്നിവരാണ് ടോട്ടനം ഹോസ്പറിന് ജയമൊരുക്കിയത്. വാന്‍ ജികാണ് ആതിഥേയരുടെ സ്‌കോറര്‍. അമ്പത്തേഴാം മിനുട്ടില്‍ റെഡ്മന്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

പതിനെട്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ടോട്ടനം 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ പത്ത് പോയിന്റ് പിറകില്‍. അതേ സമയം ഒരു ജയപരാജയത്തിന്റെ നീക്കുപോക്കില്‍ ടോട്ടനമിന് അടുത്ത റൗണ്ടോടെ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള സാധ്യത ലീഗിലുണ്ട്. 39 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും 37 പോയിന്റുള്ള ആഴ്‌സണലിനുമാണ് ടോട്ടനം ഹോസ്പറിന്റെ കുതിപ്പ് ഭീഷണിയാകുന്നത്. ലിവര്‍പൂളിന് നാല്‍പത് പോയിന്റും ചെല്‍സിക്ക് 46 പോയിന്റുമാണ്. ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്ന ടീമുകള്‍ തമ്മില്‍ കിരീടപ്പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് പ്രീമിയര്‍ ലീഗിനെ ആവേശകരമാക്കുന്നു.

സ്‌കോള്‍സിനും ജെറാര്‍ഡിനും മുകളില്‍ ഡെലെ !

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ആദ്യ അമ്പത് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനം ഹോസ്പര്‍ മിഡ്ഫീല്‍ഡര്‍ ഡെലെ അല്ലിയുടെ റെക്കോര്‍ഡ് ശരിക്കും അത്ഭുതപ്പെടുത്തും. പ്രീമിയര്‍ ലീഗ് ഇതിഹാസങ്ങളായ പോള്‍ സ്‌കോള്‍സ്, സ്റ്റീവന്‍ ജെറാര്‍ഡ്, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരേക്കാള്‍ കേമത്തം അവകാശപ്പെടാനാകും അല്ലിക്ക്.
അമ്പത് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഡെലെ അല്ലി പതിനാറ് ഗോളുകളും പത്ത് അസിസ്റ്റുകളുമായി ഇവരെയെല്ലാം പിന്തള്ളുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലെജന്‍ഡ് പോള്‍ സ്‌കോള്‍സ് പതിനാറ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ലിവര്‍പൂളിന്റെ മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡാകട്ടെ അമ്പത് ലീഗ് മത്സരങ്ങളില്‍ മൂന്ന് അസിസ്റ്റും രണ്ട് ഗോളുകളും മാത്രമാണ് നേടിയത്. ചെല്‍സിയുടെ മധ്യനിരയിലെ ശക്തനായിരുന്ന ഫ്രാങ്ക് ലംപാര്‍ഡ് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നടത്തിയത്.
സീസണില്‍ ഡെലെയുടെ പ്രകടനം ലിവര്‍പൂളിന്റെയും വെസ്റ്റ്ഹാമിന്റെയും മിഡ്ഫീല്‍ഡര്‍മാരുടെ ആകെ പ്രകടനത്തേക്കാളും മുകളിലാണ്.
എന്നാല്‍, ടോട്ടനം ഹോസ്പറിന്റെ മിഡ്ഫീല്‍ഡര്‍മാരില്‍ ആദ്യ അമ്പത് മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡ് ഡച്ച് താരം റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ടിന്റെതാണ്. ഇരുപത് ഗോളുകളും പന്ത്രണ്ട് അസിസ്റ്റുകളുമായി ടോട്ടനമിന്റെ എക്കാലത്തേയും മികച്ച അരങ്ങേറ്റ താരങ്ങളിലൊരാളായി വാന്‍ഡെര്‍ വാര്‍ട് നില്‍്ക്കുന്നു. ക്രിസ്റ്റിയന്‍ എറിക്‌സന്‍ പതിനാറ് ഗോളും ഒമ്പത് അസിസ്റ്റുമായി പട്ടികയില്‍ തൊട്ടു പിറകിലുണ്ട്. ചരിത്രത്തില്‍ വേറെയും താരങ്ങളുണ്ട്. പത്ത് ഗോളുകളും പതിനാല് അസിസ്റ്റുകളുമുള്ള ഡാരെന്‍ ആന്‍ഡെര്‍ടന്‍, ആറ് ഗോളുകളും പതിനഞ്ച് അസിസ്റ്റുകളുമുള്ള ഡേവിഡ് ജിനോല, പതിമൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും ഉള്ള ഗസ് പൊയറ്റ് എന്നീ ടോട്ടനം താരങ്ങളെയും വിസ്മരിക്കാനാകില്ല.