അഴിഞ്ഞാട്ടമാകരുത് പുതു വര്‍ഷാഘോഷം

Posted on: December 30, 2016 6:29 am | Last updated: December 29, 2016 at 11:30 pm

പുതുവര്‍ഷാഘോഷത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊച്ചി പോലീസ്. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ക്ക് വരെ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം പാര്‍ട്ടികളെന്ന് ഇതു സംബന്ധിച്ചു ഇറക്കിയ വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു. രാത്രി 12.30ന് ശേഷം സംഗീത വിരുന്നുകളോ ഡിജെ പാര്‍ട്ടികളോ നടത്തരുത്. പാര്‍ട്ടികളില്‍ പോലീസ് സാന്നിധ്യം നിര്‍ബന്ധം. രാത്രി ഒരുമണിക്കുള്ളില്‍ എല്ലാവര്‍ക്കും സുരക്ഷിതമായി വീടുകളിലെത്താന്‍ സാധിക്കുന്ന തരത്തില്‍ പരിപാടികള്‍ അവസാനിപ്പിക്കണം. സി സി ടി വി ക്യാമറ വഴി നിരീക്ഷണം നിര്‍ബന്ധമാക്കും. പത്ത് മണിക്ക് ശേഷം മദ്യവില്‍പ്പന തടയും.

ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള നിശാ പാര്‍ട്ടികളില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും എന്നിങ്ങനെ പോകുന്നു വിജ്ഞാപനത്തിലെ മറ്റു ഉത്തരവുകള്‍.
പുതുവത്സരാഘോഷ ചടങ്ങുകളുടെ മറവില്‍ ലഹരിവില്‍പനയും അനാശാസ്യവും വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. തനി തെമ്മാടിത്തരങ്ങളും പേക്കൂത്തുകളും അഴിഞ്ഞാട്ടവുമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള പരിപാടികളെന്ന പേരില്‍ പലയിടങ്ങളിലും സംഘടിപ്പിച്ചു വരുന്നത്. ആഘോഷത്തിന്റെ ഭാഗമായി പല ഹോട്ടലുകളിലും ലോഡ്ജുകളിലും മദ്യവും മയക്കുമരുന്നും സ്റ്റോക്ക് ചെയ്യുന്നതും ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതും വ്യാപകമാണ്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനകളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുകയായിരുന്ന മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പുതുവത്സര രാവില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലെ നിശാ പാര്‍ട്ടിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 16 പേര്‍ പിടിയിലായിരുന്നു. അനാശാസ്യത്തിനായി പെണ്‍കുട്ടികളെ എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിടിയിലായവര്‍ അമിതമായി ലഹരി ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എവിടെയും ഇതൊക്കെ തന്നെയാണ് അരങ്ങേറുന്നത്. കായല്‍ ടൂറിസത്തിന്റെ മറവില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ചാണ് മധ്യകേരളത്തില്‍ അനാശാസ്യം അരങ്ങേറുന്നത്. ഹൗസ് ബോട്ടുകളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചു യാത്രക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റു കാശാക്കുന്ന റാക്കറ്റുകളുമുണ്ട്.
മൂക്കറ്റം മദ്യപിച്ചും മയക്കു മരുന്ന് ഉപയോഗിച്ചും സ്വബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ വാഹനമോടിച്ചു അപകടങ്ങള്‍ സൃഷ്ടിക്കുന്നതും അതിക്രമങ്ങള്‍ കാണിക്കുന്നതും പുതുവര്‍ഷാഘോഷ വേളകളില്‍ പതിവാണ്. ആയിരക്കണക്കിന് വാഹനാപകട കേസുകളാണ് ഓരോ വര്‍ഷവും ഈ വേളയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോലീസ് നിരീക്ഷണവും പട്രോളിംഗും കര്‍ശനമാക്കാറുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇത് നിയന്ത്രിക്കാനും ആഭാസങ്ങള്‍ക്ക് തടയിടാനും പോലീസും പൊതുസമൂഹവും ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാന വ്യാപകമാക്കുകയും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.

കുടിച്ചു അഴിഞ്ഞാടാനുള്ളതല്ല പുതുവത്സരപ്പിറവി വേള. വീണ്ടു വിചാരത്തിനുള്ളതാണ്. കടന്നുപോകുന്ന ഒരാണ്ടിലെ ജീവിതം വലയിരുത്തി പാളിച്ചകളും പോരായ്മകളും വീഴ്ചകളും കണ്ടെത്തി ആഗതമാകുന്ന വര്‍ഷത്തില്‍ അത് പരിഹരിച്ചു മുന്നേറാനുള്ള വഴികള്‍ കണ്ടെത്താനുളള സന്ദര്‍ഭമാണ്. ചുവരില്‍ തൂക്കാനുള്ള പുതിയ കലണ്ടറിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നത് നാളെ ഇന്നത്തേക്കാള്‍ മെച്ചപ്പെടുത്തുമെന്ന ദൃഢപ്രതിജ്ഞയോടെയായിരിക്കണം. മനോദാര്‍ഢ്യവും പരിശ്രമവുമാണ് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നത്. ഇടക്ക് വല്ലപ്പോഴും സംഭവിക്കുന്ന പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കും മുന്നില്‍ പകച്ചുനില്‍ക്കാതെയും പതറാതെയും ഉറച്ച മനസ്സോടെ മുന്നേറിയാല്‍ പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടു പടിയാക്കാമെന്നാണ് മഹാന്മാരുടെ ജീവിതം പഠിപ്പിക്കുന്നത്. സച്ചരിതരായ മഹത്തുക്കളായിരിക്കണം ജീവിത യാത്രയിലെ നമ്മുടെ വഴികാട്ടികള്‍.

ജീവിതത്തില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞുപോയതിന്റെ ഓര്‍മപ്പെടുത്തലായിരിക്കണം പുതുവര്‍ഷാചരണം. ഒരു വര്‍ഷം വിടപറയുമ്പോള്‍ മരണത്തിലേക്കുള്ള നമ്മുടെ അകലം അത്രയും കുറയുകയാണ്. ഒരു കുടുംബാംഗമെന്ന നിലയില്‍ സ്വന്തം കുടുംബത്തോടും സാമൂഹിക ജീവിയെന്ന നിലയില്‍ സമൂഹത്തോടും പൗരനെന്ന നിലയില്‍ രാഷ്ട്രത്തോടും കടപ്പാടുകളും ബാധ്യതകളുമുണ്ട് ഓരോ വ്യക്തിക്കും. അരുതാത്ത ചിന്തകളും ദോഷകരമായ ചെയ്തികളും ഉപേക്ഷിച്ചു മറ്റുള്ളവരെ സ്‌നേഹിക്കാനും സാമൂഹിക നന്മകള്‍ക്കായി പ്രവര്‍ത്തിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് ഉയരുമ്പോഴാണ് ജീവിതത്തിന് പുതിയ അര്‍ഥവും സന്തുഷ്ടിയും കൈവരുന്നതും ധന്യമാകുന്നതും.