കേന്ദ്രത്തിനെതിരെ പ്രതിഷേധച്ചങ്ങല തീര്‍ത്ത് എല്‍ഡിഎഫ്;കണ്ണികളായത് ജനലക്ഷങ്ങള്‍

Posted on: December 29, 2016 8:09 pm | Last updated: December 30, 2016 at 10:59 am

തിരുവനന്തപുരം: നോട്ട് നിരോധനത്തിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ഏതാണ്ട് 700 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. മന്ത്രിമാരും എംഎല്‍എമാരും വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരന്നു.

ഘടകക്ഷികള്‍ക്ക് പുറമെ ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവരും മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു. കൊല്ലത്ത് പി.കെ.ഗുരുദാസനും ആലപ്പുഴയില്‍ വൈക്കം വിശ്വനും എറണാകുളത്ത് എം.എ.ബേബിയും തൃശൂരില്‍ ബേബി ജോണും പാലക്കാട് എ.കെ.ബാലനും മലപ്പുറത്ത് എ.വിജയരാഘവനും കോഴിക്കോട് തോമസ് ഐസക്കും കണ്ണൂരില്‍ ഇ.പി.ജയരാജനും കാസര്‍കോട്ട് പി.കരുണാകരനും മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.

നോട്ട് പ്രതിസന്ധി നാള്‍ക്ക് നാള്‍ വഷളാവുകയാണ്. നോട്ട് നിരോധനം മൂലം സാമ്പത്തിക രംഗത്തുണ്ടായ അരക്ഷിതാവസ്ഥയുടേയും നഷ്ടത്തിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഇനിയും മാസങ്ങളോളം നോട്ട് അടിച്ചാല്‍ മാത്രമേ പിന്‍വലിച്ച നോട്ടുകള്‍ക്ക് തുല്യമായ നോട്ടുകള്‍ തിരിച്ചെത്തുകയുള്ളൂ എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.