സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ കയറിയ യുവാവ് വീണ് മരിച്ചു

Posted on: December 29, 2016 6:44 pm | Last updated: December 29, 2016 at 6:44 pm

ഷാര്‍ജ: നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 28 വയസുള്ള ഏഷ്യക്കാരനായ യുവാവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഷാര്‍ജ വ്യവസായ മേഖല എട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റാണ് യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്. അപകടവിവരമറിഞ്ഞ പോലീസ്, ആംബുലന്‍സ്, റെസ്‌ക്യൂ സംഘങ്ങള്‍ എത്തുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതര പരുക്കേറ്റ് കിടക്കുന്ന യുവാവിനെയാണ് കണ്ടതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംഭവസ്ഥലത്ത് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും യുവാവ് മരിക്കുകയായിരുന്നു.

ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതകളൊന്നുമില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്തുള്ള, സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ കയറിയതായിരിക്കാം യുവാവെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്ത അറബ് ദിനപത്രം സൂചിപ്പിച്ചു.