അധികസമയം ജോലി ചെയ്യാനാവില്ലെന്ന് നോട്ട് പ്രിന്റിംഗ് പ്രസ് ജീവനക്കാര്‍

Posted on: December 29, 2016 11:10 am | Last updated: December 29, 2016 at 6:40 pm

കൊല്‍ക്കത്ത: നോട്ട് അച്ചടിക്കുന്നതിനായി ഇനിയും അധികസമയം ജോലി ചെയ്യാനാവില്ലെന്ന് നോട്ട് പ്രിന്റിംഗ് പ്രസ് ജീവനക്കാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി 12 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് ഇവിടത്തെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് ജീവനക്കാരില്‍ ചിലര്‍ക്ക് പുറംവേദന, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായതാണ് പുതിയ തീരുമാനത്തിന് കാരണം.

നോട്ട് നിരോധനം വന്നതിന് ശേഷം ഒമ്പത് മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റും ആറ് മണിക്കൂറിന്റെ ഒരു ഷിഫ്റ്റുമായി 24 മണിക്കൂറും ഇവിടെ അച്ചടി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഷിഫ്റ്റ് മാറുമ്പോള്‍ പ്രസുകള്‍ കൂടുതല്‍ സമയം നിര്‍ത്തിയിടേണ്ടി വരുന്നതിനാല്‍ 12 മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റുകളാക്കാന്‍ ആര്‍ബിഐ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രണ്ടാഴ്ച ഇവര്‍ രണ്ട് ഷിഫ്റ്റുകളായി ജോലി ചെയ്തത്.

രണ്ടാഴ്ചത്തേക്കാണ് തങ്ങള്‍ മാനേജ്‌മെന്റുമായി അധികസമയം ജോലി ചെയ്യാന്‍ കരാറുണ്ടാക്കിയതെന്നും ഡിസംബര്‍ 27ന് കരാര്‍ കാലാവധി അവസാനിച്ചെന്നും ജീവനക്കാര്‍ പറയുന്നു.