Connect with us

Kerala

ഹരിത കേരളം പദ്ധതിക്ക് ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട്: കേരള സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നാളെ ഐക്യദാര്‍ഢ്യ റാലി നടത്തും. കേരളത്തിലെ 132 സോണ്‍ കേന്ദ്രങ്ങളിലാണ് ഉച്ചക്ക് രണ്ട് മണി മുതല്‍ റാലിയും പൊതു യോഗങ്ങളും നടക്കുന്നത്. 2017 ജനുവരി ആറിന് ശുചിത്വ ദിനമായി ആചരിക്കുന്നുണ്ട്. അന്നേദിവസം കേരളത്തിലെ മുഴുവന്‍ ജില്ലകളിലും എസ് വൈ എസ് പ്രവര്‍ത്തകര്‍ നാടുംനഗരവും ശുചീകരിക്കും.

മാലിന്യ നിര്‍മാര്‍ജനവും ജലസ്രോതസ്സുകളുടെ സംരക്ഷണവും കേരളീയ സമൂഹത്തിന്റെ മുഖ്യ അജന്‍ഡയായി വന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും അനുഭവിക്കേണ്ടി വരികയെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ശുദ്ധവായുവും ശുദ്ധ ജലവും തിരിച്ചുപിടിക്കാന്‍ കഴിയണം. വരും തലമുറക്കും ഇത് ലഭ്യമാകണം. ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല. ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. വെള്ളിയാഴ്ച സോണ്‍ തലങ്ങളില്‍ നടക്കുന്ന റാലിയില്‍ ശുദ്ധ ജലവും ശുദ്ധവായുവും ലഭ്യമാക്കുന്ന സമൃദ്ധകേരളത്തിനായുള്ള കൂട്ടായ്മകള്‍ക്ക് രൂപം നല്‍കും.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എ മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് പ്രസംഗിച്ചു.

Latest