Connect with us

Articles

ദേശീയത എന്ന ആവിഷ്‌കാരം

Published

|

Last Updated

പങ്കിടപ്പെട്ട ചരിത്രം, താത്പര്യങ്ങള്‍, ഭാവിപ്രതീക്ഷകള്‍ എന്നിങ്ങനെ മത-ജാതി-ഭാഷാ-പ്രദേശ-ലിംഗ വൈജാത്യങ്ങളുണ്ടായിരിക്കെ തന്നെ ഒരേ തരത്തിലുള്ള ഓര്‍മകളും ആവിഷ്‌കാരങ്ങളുമാണ് ദേശീയതയില്‍ നമുക്ക് കാണാനാകുന്നത്. തീര്‍ച്ചയായും, ഇതോടൊപ്പം ഭൂഭാഗ അതിര്‍ത്തികളും അതിനുള്ളിലുള്ള വിസ്തീര്‍ണപ്പരപ്പും ദേശരാഷ്ട്രം എന്ന രാജ്യത്തെ പ്രകടമാക്കുന്നുണ്ട്. അപ്പോള്‍, ആ ഭൂപ്രതിനിധാനത്തില്‍ ബ്രിട്ടീഷ് ഇന്ത്യ, സ്വതന്ത്ര ഇന്ത്യ എന്നീ ചരിത്രദ്വന്ദ്വങ്ങളെ ഒന്നാക്കി വിഭാവനം ചെയ്യാനാകില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യ ഉണ്ടായത് എന്നു പറയാനാവുമെന്നല്ലാതെ രണ്ടും ഒന്നല്ല എന്നു മാത്രമല്ല, ആ ബന്ധം/ബന്ധരാഹിത്യത്തില്‍ തന്നെ പ്രശ്‌നഭരിതമായ രാഷ്ട്രീയ-മത-സമര ചരിത്രം ഉള്ളടങ്ങിയിട്ടുമുണ്ട്. വിഭജനം എന്നത് സ്വാതന്ത്ര്യത്തിന്റെയും ഭരണകൂടത്തിന്റെയുമെന്നതുപോലെ, ഓര്‍മയുടെയും നിലപാടുകളുടെയും ഭാവികളുടെയും എല്ലാം ആകാശഭൂമികളെ പിളര്‍ത്തി രണ്ടാക്കി, അഥവാ പലതാക്കി.

പക്ഷെ, ചരിത്രം അതുകൊണ്ട് മാത്രം പലതാകുന്നില്ല. അതൊന്നു തന്നെയാണ്. എന്നാല്‍ ഒന്നല്ല താനും. ചരിത്രമെഴുത്തിന്റെയും സ്വീകാരത്തിന്റെയും രീതിശാസ്ത്രങ്ങളില്‍ മുറിഞ്ഞ് പലതായിട്ടാണ് ചരിത്രം സ്വീകരിക്കപ്പെടുന്നതും നിരാകരിക്കപ്പെടുന്നതും. അപ്പോഴും, ഒരു കാര്യം ഉറപ്പിക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ രൂപവത്കരണഘട്ടങ്ങള്‍ക്കു മുമ്പും ആ ഘട്ടങ്ങളിലും, ഇന്ത്യയുടെ ഭൂഭാഗങ്ങളും അതിന്റെ അതിര്‍ത്തികളും പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നതാണാ യാഥാര്‍ഥ്യം. പല തരം ഭരണരീതികളും ഭരണശക്തികളും സമരമുന്നേറ്റങ്ങളും ഇക്കാലങ്ങളെ കലുഷിതവും വല്ലപ്പോഴുമൊക്കെ ശാന്തവുമാക്കിയിരുന്നുവെന്നും നമുക്ക് തിരിച്ചറിയാനാവുന്നുണ്ട്. കുറെയധികം സമരങ്ങള്‍, ഭരണകൂടങ്ങള്‍ക്കെതിരെയായിരുന്നുവെങ്കില്‍, മറ്റു കുറെയെണ്ണം, പല ജനാഭിപ്രായ ശക്തികള്‍ തമ്മില്‍ തമ്മിലായിരുന്നു. പല കാലങ്ങളിലും പല മേല്‍ക്കോയ്മകള്‍ രാഷ്ട്രത്തെ ചിലപ്പോള്‍ ആകെ, ചിലപ്പോള്‍ ചിലതിനെ എന്നവണ്ണം കീഴ്‌പ്പെടുത്തിക്കൊണ്ടുമിരുന്നു. ഈ കാലുഷ്യങ്ങളുടെ പില്‍ക്കാലമാണ്, ഇന്ത്യ എന്ന സാമ്രാജ്യത്വവിരുദ്ധ പ്രതിനിധാനം അഥവാ സമരോത്സുക ദേശീയത എന്ന് തിരിച്ചറിയാനാണ് പുരോഗമന ശക്തികളെ ശരിയായതും തുറന്നതുമായ ചരിത്രവായനകള്‍ പ്രേരിപ്പിക്കുന്നത്.

മതം, ജാതി, ഭാഷ, പ്രദേശം എന്നിവക്കെല്ലാമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് ബോധ്യപ്പെടാനും ഉള്‍ക്കൊള്ളാനുമുള്ള ഒരു പരിശീലനം കൂടിയാണ് ഈ ചരിത്രവായന. അതായത്, ചരിത്രം എന്നത് പഴയ വസ്തുതകളുടെ ഒരു ശേഖരമായിരിക്കാം; പക്ഷെ, അതിന്റെ വായന
എന്നത് ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും എല്ലാവര്‍ക്കും സമാധാനം കൈവരുത്താനുമുള്ള കൂട്ടായ യത്‌നത്തിന്റെ പ്രയോഗരീതിശാസ്ത്രമായി പരിണമിക്കുന്നു. ദേശീയത നിര്‍വചിക്കപ്പെടുന്നത് അതുകൊണ്ടു തന്നെ, ആ ദേശീയതയുടെ അകം അഥവാ ആത്മാവ് ആയ അതിന്റെ ജനതയിലൂടെയാണ്. ആ ജനതയുടെ ജീവന്‍, തുല്യനീതി, മനുഷ്യാവകാശങ്ങളുറപ്പുവരുത്തല്‍ എന്നിവയിലൂടെയാണ് ദേശാഭിമാനം ജ്വലിപ്പിക്കപ്പെടുന്നത്. ദേശത്തിനും ദേശീയതക്കും പുറത്തുള്ളവരെയും അകത്തായിരിക്കെ തന്നെ പുറത്തുള്ളവരുടെ പിണിയാളുകളെന്ന് ആരോപിക്കപ്പെടുന്നവരെയും ശത്രു ദേശങ്ങളായി മുദ്ര കുത്താനും ആക്രമിക്കാനും തുരത്താനും തുടച്ചില്ലാതാക്കാനും ഉള്ള പ്രേരണകള്‍, സംസ്‌കാരത്തിന്റെ പേരിലായാലും മതാത്മകതയുടെ പേരിലായാലും പ്രാദേശികതയുടെ പേരിലായാലും ശരി പ്രാഥമികമായി തന്നെ ദേശവിരുദ്ധ-ദേശീയതാവിരുദ്ധ അധികാരപ്രയോഗങ്ങളാണെന്നും ഇതിലൂടെ തിരിച്ചറിയാനാകുന്നു. ദേശത്തിനകത്തെ എല്ലാ മനുഷ്യരും ആത്മാഭിമാനത്തോടെ ജീവിക്കുന്നു എന്നുറപ്പുവരുത്തുമ്പോഴാണ് ദേശീയതയുടെ താത്പര്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് വിലയിരുത്താനാകൂ.
ജാതി, കുലം, ലിംഗം, വര്‍ഗം, പ്രദേശം, ഭാഷ, മതം എന്നിങ്ങനെയുള്ള എല്ലാ വൈജാത്യങ്ങള്‍ക്കുമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാവുന്ന ഒരു റിപ്പബ്ലിക്കായിരുന്നു ഇന്ത്യ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ടത്. അതിന്ന് എവിടെ ചെന്നെത്തി നില്‍ക്കുന്നു? നമ്മുടെ ആധുനിക സമൂഹ നിര്‍മിതിയും രാഷ്ട്ര നിര്‍മാണവും എല്ലാം പിഴച്ചു പോയോ? ജ്യോതിബഫൂലെയുടെയും അംബേദ്ക്കറിന്റെയും ടഗൂറിന്റെയും പെരിയാറിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഭഗത് സിംഗിന്റെയും ഇന്ത്യ ഇങ്ങനെ തന്നെയായിരിക്കുമോ ഇനിയുള്ള നാളുകളിലും? അരുണാചല്‍ പ്രദേശിലും മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും ആസാമിലും സിക്കിമിലും നാഗാലാന്‍ഡിലും മേഘാലയയിലും ഉള്ള മനുഷ്യര്‍ക്ക് ഭാഷകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും മിത്തുകളും പുരാണങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും മര്യാദകളും വേഷങ്ങളും ഭക്ഷണങ്ങളും ബന്ധങ്ങളും ഒന്നും ഇല്ലേ? അവയുടെ സവിശേഷതകള്‍ എപ്പോഴും പരിഹസിക്കപ്പെടാനുള്ളതാണോ? കാക്കി ധരിച്ചവര്‍ക്ക് ഇഷ്ടം പോലെ ബലാത്സംഗവും കൊലയും നടത്തുന്നതിനുതകുന്ന എ എഫ് എസ് പി എ 1958 പോലുള്ള നിയമങ്ങളുടെ പരിധിയിലാണ് മിക്കവാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇറോം ശര്‍മിളയുടെ സമരവും ആസാം റൈഫിള്‍ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ പരിപൂര്‍ണ നഗ്നരായ അമ്മമാര്‍ നടത്തിയ സമരവും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നാണിതൊക്കെയും തെളിയിക്കുന്നത്.
ദേശീയത എന്നതിന്റെ നിര്‍വചനം; ഒരു അല്ലെങ്കില്‍ ഒരാളുടെ സമൂഹത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതോടൊപ്പം, ആ സമൂഹത്തിലെ അംഗമായ ഒരാളുടെ സ്വത്വമേതെന്ന് തിരിച്ചറിയുക കൂടിയാകുമ്പോഴാണ് അര്‍ഥവത്താകുന്നത്. അതുകൊണ്ടു തന്നെ അത് വളരെ വളരെ സങ്കീര്‍ണമായ ഒരാലോചനയും പ്രയോഗപ്രക്രിയയുമാണ്. ഭാരത് മാതാ കീ ജയ് അല്ലെങ്കില്‍ വന്ദേമാതരം, ഗുണ്ടകള്‍ അല്ലെങ്കില്‍ ഭരണാധികാരികള്‍ അതുമല്ലെങ്കില്‍ പോലീസിന്റെയോ പട്ടാളത്തിന്റെയോ യൂനിഫോമണിഞ്ഞവര്‍ വിചാരിക്കുമ്പോഴേക്കും ഉച്ചത്തില്‍ ഉച്ചരിക്കാത്തവരെ തുറുങ്കിലടച്ച് ശിക്ഷിക്കുന്നതാണ് ദേശീയത എന്ന് വ്യാഖ്യാനിക്കപ്പെടുന്നത് ആ ദേശീയതയുടെ പ്രതിനിധാനങ്ങളായ ഭൂഭാഗവും അതിന്റെ സാമാന്യബോധവും വിഭ്രാന്തമായ ചിത്തരോഗത്തിന് കീഴ്‌പ്പെട്ടു എന്നു മാത്രമാണ് വ്യക്തമാക്കുന്നത്. മുമ്പ് ഫ്രാന്‍സ് എന്നത് ഒരു രാജ്യത്തിന്റെ പേരായിരുന്നു. 1961ല്‍ അത് ഞരമ്പുകളെ ബാധിച്ച ചിത്തരോഗം എന്ന മാറാവ്യാധിയുടെ പേരായി മാറാനും അറിയപ്പെടാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഭൂമിയിലെ ശപിക്കപ്പെട്ടവര്‍ എന്ന ഫ്രാന്റ്‌സ് ഫാനന്റെ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ ഴാങ് പോള്‍ സാര്‍ത്ര് നിരീക്ഷിക്കുന്നത് സമകാലീന ഇന്ത്യക്കും ബാധകമാണ്.

ദേശീയത എന്നത് കേവലം മുദ്രാവാക്യഘോഷണങ്ങളല്ല; അത് രാഷ്ട്രത്തിന്റെ അടിസ്ഥാനാവശ്യങ്ങളോട് യാഥാര്‍ഥ്യപൂര്‍ണമായും കാലാനുസൃതമായും മനുഷ്യോപകാരപ്രദമായും സമാധാനവാഴ്ച ലക്ഷ്യം വെച്ചും പുരോഗതിയടിസ്ഥാനമാക്കിയും നീതി പുലര്‍ത്തലാണ്. ഏതോ ഒരു സന്ദര്‍ഭത്തില്‍ വന്ദേമാതരം മുഴക്കിയില്ലെന്നതിന്റെ പേരില്‍ ഏതു സാധാരണക്കാരനും രാജ്യദ്രോഹി എന്നു മുദ്ര കുത്തപ്പെടുകയും തുറുങ്കിലടക്കപ്പെടുകയും ചെയ്യുകയും; കോടിക്കണക്കിന് രൂപ നികുതിയും അതിന്റെ പലിശയും പിഴയുമായും പൊതുമേഖലാ ബേങ്കുകളിലെ കിട്ടാക്കടമായും സ്‌പെക്ട്രം പോലുള്ള ലൈസന്‍സുകളുടെ ഫീസായും ചുമത്തപ്പെടുമ്പോള്‍ അടച്ചുതീര്‍ക്കാതെ കള്ളപ്പണം കുന്നുകൂട്ടി ലോകമാകെ സഞ്ചരിക്കുന്ന ബൂര്‍ഷ്വകള്‍ അപ്രകാരം വിളിക്കപ്പെടുന്നില്ലെന്നുമുള്ള വൈപരീത്യം ഏറെ നിരാശാകരവും രാഷ്ട്രത്തിന്റെ ആത്മഹത്യക്കു തുല്യവുമാണ്. അധ്വാനിച്ച പണം കൈവശമുണ്ടെന്നതിന്റെ പേരില്‍ പൗരന്മാര്‍ വേട്ടയാടപ്പെടുകയും; ഭൂമിയും സ്വര്‍ണവും വിദേശ നിക്ഷേപവുമായി കള്ളപ്പണം വഴി തിരിച്ചു വിട്ടവര്‍ രക്ഷപ്പെടുകയും ചെയ്യുന്ന സമകാലീന സാഹചര്യവും രാഷ്ട്രത്തിന് ഗുണകരമാണെന്നു പറയുക വയ്യ.
തന്നോടൊപ്പമുള്ള മറ്റു രാഷ്ട്ര പൗരന്മാരോടും രാഷ്ട്രത്തോടു തന്നെയുമുള്ള ധാര്‍മികമായ അനുഭാവവും പരിഗണനയുമാണ് ദേശീയത എന്ന ദേശസ്‌നേഹം എന്ന പേരില്‍ പ്രാഥമികമായി വ്യാഖ്യാനിക്കപ്പെടുന്നതെങ്കില്‍ അതില്‍ കുഴപ്പമൊന്നുമില്ല. എന്നാലിതിന്റെ പേരില്‍, അയല്‍ രാജ്യങ്ങളോടോ, സ്വന്തം രാജ്യത്തിനകത്തു തന്നെയുള്ള വിവിധ ജനവിഭാഗങ്ങളോടോ ശത്രുതാപരമായും ഹിംസാത്മകമായും ആക്രാമകമായും പെരുമാറുന്നതിനെ ദേശ സ്‌നേഹം എന്ന് വിളിക്കാനാവില്ല. അതായത്, ദേശത്തിനെന്നതു പോലെ ദേശീയതക്കും ചില അതിരുകളുണ്ടെന്നര്‍ഥം. മാത്രമല്ല, പുരോഗമനാശയക്കാരെ സംബന്ധിച്ചിടത്തോളം, സാര്‍വദേശീയതയാണ് പരമമായ മാനവികത. അപ്പോള്‍, അതിന് കീഴ്‌പ്പെട്ടുകൊണ്ടു മാത്രമേ ഓരോ ദേശീയതക്കും സാന്നിധ്യവും പ്രസക്തിയുമുള്ളൂ.

Latest