പൂനൈയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയത് എഴുപത്തി രണ്ട് വിഷപ്പാമ്പുകളെ; രണ്ടുപേര്‍ പിടിയില്‍

Posted on: December 28, 2016 8:41 pm | Last updated: December 28, 2016 at 8:41 pm

പൂനൈ: പൂനൈയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയത് എഴുപത്തി രണ്ട് വിഷപ്പാമ്പുകളെ. ഇതില്‍ 41 അണലികളും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടുന്നു. അനധികൃതമായി പാമ്പിന്‍ വിഷം കടത്താന്‍വേണ്ടി ഈ ഫഌറ്റില്‍ താമസിച്ചിരുന്ന രഞ്ജിത് ഖരേഗും കുടുംബവുമാണ് വിഷ പാമ്പുകളെ സൂക്ഷിച്ചിരുന്നത്. ഇയാള്‍ സുഹൃത്തിനൊപ്പമാണ് പാമ്പിന്‍ വിഷം കടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന ഫഌറ്റിലെത്തിയ പോലീസ് റെയ്ഡ് നടത്തുകയും പിന്നീട് ഇരുവരെയും അറസ്റ്റു ചെയ്തു.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ രഞ്ജിത്ത് ഇവിടെയുണ്ടായിരുന്നില്ല. കുട്ടികളും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്.

ഫഌറ്റിലെ ഒരു മുറിയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളിലും തടിപ്പെട്ടികളിലുമാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്. ബോട്ടിലുകളിലാക്കിയ നിലയില്‍ പാമ്പിന്‍ വിഷവും ഇവിടെ നിന്നു കണ്ടെത്തി. പാമ്പുകളെ പൊലീസിന്റെ നേതൃത്വത്തില്‍ പിന്നീട് മോചിപ്പിച്ചു. ഇവയെ വനംവകുപ്പിനു കൈമാറിയതായി പൊലീസ് സംഘം അറിയിച്ചു.

പാമ്പുപിടിത്തക്കാരുടെ കൈയില്‍ നിന്നാണ് ഇവര്‍ക്ക് സ്ഥിരമായി പാമ്പുകളെ കിട്ടിയിരുന്നത്. ഇവയെ ഫഌറ്റിലെത്തിച്ച ശേഷം വിഷമെടുക്കുകയായിരുന്നു ഇവരുടെ രീതി. വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.