കര്‍മപരിപാടികളുടെ സമഗ്രരേഖ തയ്യാറാക്കണം

Posted on: December 28, 2016 8:05 pm | Last updated: December 28, 2016 at 8:05 pm

ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ദാന വര്‍ഷമായി പ്രഖ്യാപിച്ച 2017ല്‍ നടപ്പാക്കേണ്ട കര്‍മപരിപാടികളെക്കുറിച്ച് സമഗ്ര രൂപരേഖ തയ്യാറാക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. ഫെഡറല്‍ സ്ഥാപനങ്ങളുടെകൂടി സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ദാനധര്‍മങ്ങള്‍ക്കും മുന്‍നിരയിലുള്ള യു എ ഇക്ക് ഇത് വലിയ അവസരമാണ്.

2017 നന്മയുടെ വര്‍ഷമായി ശൈഖ് ഖലീഫ പ്രഖ്യാപിച്ചത് മറ്റുള്ളവരെ സഹായിക്കാനും കാരുണ്യപദ്ധതികള്‍ നടപ്പാക്കാനും ദാനധര്‍മങ്ങള്‍ നടത്താനും വിനിയോഗിക്കണം. ഇക്കാര്യങ്ങളില്‍ രാജ്യം എന്നും പുലര്‍ത്തിയിരുന്ന നിഷ്ഠ കൂടുതല്‍ ഉയര്‍ത്തിക്കാട്ടണമെന്നും ശൈഖ് ഹംദാന്‍ ആഹ്വാനം ചെയ്തു. വ്യക്തികളും സ്വകാര്യസ്ഥാപനങ്ങളും ദൗത്യത്തില്‍ പങ്കാളികളാകണം. പുതുവര്‍ഷത്തിനു മുന്നോടിയായി ലോകത്തിനു ഏറ്റവും മാതൃകയായ സന്ദേശമാണ് യു എ ഇ നല്‍കുന്നതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും രാജ്യമാണ് യു എ ഇ. മനുഷ്യരാശിക്കും ലോകത്തിനാകെയും നന്മ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.