Connect with us

Gulf

ക്യു പോസ്റ്റ് ഡോര്‍ ഡലിവറി ഉടന്‍; ഡ്രോണ്‍ സേവനവും ആരംഭിക്കുന്നു

Published

|

Last Updated

ദോഹ: ക്യു പോസ്റ്റിന്റെ ഹോം ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തപാലുകള്‍ മേല്‍വിലാസക്കാരന്റെ വീടുകളില്‍ നേരിട്ട് എത്തിക്കുന്നതിനായി സ്വകാര്യ കൊറിയര്‍, ലോജിസ്റ്റിക് കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക. വീടുകളില്‍ പാര്‍സലുകള്‍ എത്തിക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സേവനവും ഉടന്‍ നടപ്പാക്കുമെന്ന് ഖത്വര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനി അറിയിച്ചു.

ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ സ്മാര്‍ട്ട് ഇന്നവേഷന്‍ ലാബാണ് ഡ്രോണുകള്‍ വികസിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദപരവും വിശ്വസനീയവുമായ സേവനമാണ് ഡ്രോണിലൂടെ ലക്ഷ്യമിടുന്നത്. പാര്‍സല്‍ പാക്കറ്റുകള്‍ യഥാസ്ഥലത്ത് എത്തിക്കാനുമാകും. വക്‌റയിലാകും ഹോം ഡെലിവറി സേവനം ആദ്യം നടപ്പാക്കുക. ദേശീയ മേല്‍വിലാസ സംവിധാത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളില്‍ തപാല്‍ എത്തിക്കുന്നത്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടിലാണ് ക്യു പോസ്റ്റിന്റെ പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നത്. ക്യു പോസ്റ്റ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വാഹന സൗകര്യങ്ങള്‍ ഉള്‍പെടെ ഗതാഗത പദ്ധതികളും നടപ്പാക്കുന്നുണ്ട്.

നിലവില്‍ തപാലുകള്‍ വീടുകളില്‍ എത്തിക്കുന്ന സംവിധാനം ക്യു പോസ്റ്റിനില്ല. ക്യു പോസ്റ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ പാര്‍സലുകളും കത്തുകളും സ്വീകരിക്കുന്നത് നിശ്ചിത പോസ്റ്റ് ബോക്‌സുകളില്‍ നിന്നാണ്. അല്‍ ദഫ്‌നയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂ പോസ്റ്റിന് 40ലധികം ബ്രാഞ്ചുകളുണ്ട്. അവയില്‍ 18 എണ്ണത്തില്‍ പോസ്റ്റ് ബോക്‌സ് സൗകര്യമുണ്ട്. വീടുകളില്‍ തപാലുകള്‍ എത്തിക്കുന്നതിനായി നിരവധി സ്ഥാപനങ്ങളുമായി ക്യു പോസ്റ്റ് സഹകരിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ എത്തിക്കുന്നതിനാണ് അത്യാധുനിക ഡ്രോണ്‍ പദ്ധതി നടപ്പാക്കുന്നത്. വീടുകളുടേയും ഓഫീസുകളുടേയും സമീപത്ത് പാര്‍സലുകളെത്തിക്കാന്‍ ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ക്യു പോസ്റ്റും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും നേരത്തേ കരാറിലെത്തിയിരുന്നു.
ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ പാര്‍സലുകളുടെ വിതരണത്തിനായി ഡ്രോണുകളെ ഉപയോഗിക്കുന്നത്. ഗതാഗതകുരുക്ക് ഒഴിവാക്കി അതിവേഗ വിതരണമാണ് ലക്ഷ്യം. ഓട്ടോണമസ് ഡ്രോണ്‍ ഡെലിവറി സേവനം സ്ഥാപിക്കുന്നതിനായാണ് ക്യു പോസ്റ്റും ഗതാഗത വാര്‍ത്താവിനിമയ മന്താലയവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഓട്ടോണമസ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സേവനം രാജ്യത്തെ പാര്‍സല്‍ വിതരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest