Connect with us

Kerala

പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമെന്ന് മുസ്ലിംലീഗ്

Published

|

Last Updated

കോഴിക്കോട്: കെ. മുരളീധരന്റെ വിമര്‍ശനത്തിന് പിന്നാലെ യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ്(ജെ)യും രംഗത്ത്. പ്രതിപക്ഷനിലയില്‍ യുഡിഎഫ് പരാജയമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഭരണപരാജയം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഒന്നും ചെയ്തില്ല. യുഡിഎഫ് യോഗം ചേരുന്നത് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു . യുഡിഎഫിലെ പ്രശ്‌നങ്ങള്‍ കമ്മിറ്റിയില്‍ പറയുമെന്ന് കെപിഎ മജീദ് പറഞ്ഞു. കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക് കക്ഷിചേരാനില്ലെന്നും ലീഗ് വ്യക്തമാക്കി.
കേരളത്തില്‍ പ്രതിപക്ഷം പരാജയമാണെന്ന് കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് റേഷന്‍ വിതരണം മുടങ്ങുന്ന അവസ്ഥയുണ്ടാകുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്ന് കേരാളാ കോണ്‍ഗ്രസ്(ജെ)വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്നലെ കെ.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഐഎം തന്നെയെന്നായിരുന്നു മുരളീധരന്റെ ആരോപണം. കോഴിക്കോട് ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴുമാണ് മുരളീധരന്‍ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

എം.എം മണിയുടെ രാജി ആവശ്യം കോണ്‍ഗ്രസ് പ്രസ്താവനയില്‍ മാത്രം ഒതുക്കി. യു.ഡി.എഫ് മന്ത്രിമാര്‍ ചെയ്യാത്ത കുറ്റത്തിന് വരെ വിമര്‍ശിച്ചിരുന്നു. എല്‍.ഡി.എഫ് മന്ത്രിമാര്‍ ചെയ്ത തെറ്റിന് പോലും വിമര്‍ശനവുമില്ല സമരവുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തനം പ്രസ്താവനയില്‍ മാത്രം ഒതുങ്ങുന്നു. സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. വടക്കാഞ്ചേരി പ്രശ്‌നത്തില്‍ ശക്തമായി ഇടപെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

Latest