Connect with us

Ongoing News

എം.എം. മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: എം.എം. മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ വ്യക്തി അധികാരസ്ഥാനത്തിരിക്കുന്നതു പാര്‍ട്ടി നയങ്ങള്‍ക്കെതിരാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തില്‍ വിഎസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി വധക്കേസില്‍ എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണു മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം സീതാറാം യെച്ചൂരിക്കു കത്തയച്ചത്. എം.എം. മണി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്.

മണി രാജിവയ്‌ക്കേണ്ടതില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നിലപാട് ഇതാണെന്നിരിക്കെ വി.എസ്. അച്യുതാനന്ദന്‍ മണിയുടെ രാജി ആവശ്യപ്പെട്ടു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു കത്തയച്ചതു സിപിഎം സംസ്ഥാന നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.