ഇടവഴി ടൂറിസവുമായി ഖത്വറിന്റെ ക്ഷണം

ദോഹ വഴി ഖത്വർ എയർവേയ്സിൽ യാത്ര ചെയ്യുന്നവർക്ക് നാലു ദിവസം രാജ്യത്തു തങ്ങുന്നതിന് സൌജന്യമായി ട്രാൻസിറ്റ് വിസ നൽകുന്ന ടൂറിസം പദ്ധതിയാണ് ഖത്വർ അടുത്തിടെ ആരംഭിച്ചത്
അറേബ്യൻ പോസ്റ്റ്
Posted on: December 26, 2016 5:50 pm | Last updated: December 26, 2016 at 5:50 pm

ഒന്നു കയറിയിരുന്ന് ചായ കുടിച്ചു പോകാം എന്ന് വഴിയേ പോകുന്നവരോട് മലയാളി പറയുന്ന നാടന്‍ ആതിഥ്യ മര്യാദയെ ആധുനിക കോര്‍പറേറ്റ് ടൂറിസം ആശയമായി സ്വീകരിച്ചിരിക്കുന്നു ഖത്വര്‍. മിഡില്‍ ഈസ്റ്റിലെ മുന്‍നിര വൈമാനിക ഹബ്ബായ ഖത്വറിലൂടെ യാത്ര ചെയ്യുന്നവരോട് രാജ്യത്ത് ഇറങ്ങി നാലു ദിവസം തങ്ങിപ്പോകാനാണ് ഖത്വറിന്റെ ക്ഷണം. ഇതൊരു വെറും ക്ഷണമല്ല, സീരിയസ്സാണ്. ഇറങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഖത്വര്‍ സൗജന്യ വിസ നല്‍കും, സാധാരണഗതിയില്‍ വിസ കിട്ടുന്നതിനു വേണ്ട മറ്റു പരിഗണനകളൊന്നുമില്ലാതെ തന്നെ. രാജ്യത്തേക്ക് സഞ്ചാരികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നതിനായി ഖത്വര്‍ ടൂറിസം അതോറിറ്റിയും ഖത്വര്‍ എയര്‍വേയ്‌സും ചേര്‍ന്നാണ് ആഴ്ചകള്‍ക്കു മുമ്പ് ഇടത്താവള ടൂറിസം പദ്ധതിക്കു തുടക്കം കുറിച്ചത്. ഇതര ഗള്‍ഫ് നാടുകള്‍ക്കെല്ലാം അനുകരിക്കാവുന്ന ഒരു ആശയമായി ഇത് ശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രതിദിനം പതിനായിരക്കണക്കിനാളുകളാണ് ദോഹ വഴി ഖത്വര്‍ എയര്‍വേ്‌സ് വിമാനത്തില്‍ ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് യാത്ര ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നാട്ടിലേക്കും മറ്റു ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്ന മലയാളികളും ഇവരില്‍ നിരവധിയുണ്ട്. ഇടംവലം തിരിഞ്ഞാല്‍ മലയാളികളെ കാണാനാകുന്ന കൊച്ചു ഖത്വര്‍ സന്ദര്‍ശിക്കുക എന്ന മോഹം നാളുകളായി പുലര്‍ത്തി വരുന്നവര്‍ക്ക് അവസരം സൃഷ്ടിക്കുന്നതു കൂടിയാണ് ഖത്വറിലെ പുതിയ ട്രാന്‍സിറ്റ് ടൂറിസ്റ്റ് വിസ.
ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് നാലു ദിവസത്തെ വിസ തികച്ചും സൗജന്യമായി ഖത്വര്‍ അനുവദിക്കുന്നത്. ഓരോ രാജ്യത്തെയും ഖത്വര്‍ എയര്‍വേയ്‌സ് ഓഫീസുകളില്‍നിന്നും അംഗീകൃത ഏജന്റുമാരില്‍നിന്നും വിസ ലഭിക്കുന്നതിനുള്ള വിവരങ്ങളും സഹായവും ലഭിക്കും. യാത്ര ആസുത്രണം ചെയ്ത് ടിക്കറ്റെടുക്കുന്നവര്‍ ഒരാഴ്ച മുമ്പ് വിസക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നുണ്ട്. ടിക്കറ്റിന്റെ പി എന്‍ ആര്‍ നമ്പര്‍ സഹിതയാണ് അപേക്ഷിക്കേണ്ടത്. വിസ അംഗീകരിച്ചാല്‍ ഇ മെയില്‍ ആയി അയച്ചു കിട്ടും. അതിന്റെ പകര്‍പ്പുമായാണ് ഖത്വറില്‍ ഇറങ്ങാന്‍ സാധിക്കുക. രാജ്യത്തെ ടൂറിസം മേഖലയില്‍ വന്‍തോതില്‍ വളര്‍ച്ച കൈവരിക്കുന്നതിനും കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും ഇടത്താവളം പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എണ്ണവിലക്കുറവിന്റെ സാഹചര്യത്തില്‍ വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവത്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് കരുത്തു പകരുക എന്ന ദീര്‍ഘകാല ആസൂത്രണങ്ങളുടെ ഭാഗമായിക്കൂടിയാണ് ഖത്വര്‍ അനുകരണീയമായ ഇടവഴി സഞ്ചാരകേന്ദ്രമായി മാറുന്നത്.