കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു

Posted on: December 25, 2016 3:00 pm | Last updated: December 25, 2016 at 7:57 pm

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പ്രഖ്യാപിനം. ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 50 രൂപക്കും 3000 രൂപക്കും ഇടയില്‍ പണമിടപാട് നടത്തുന്ന പാവപ്പെട്ടവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

നൂറ് ദിന പരിപാടിയെ അടിസ്ഥാനമാക്കി 15000 പേര്‍ക്ക് 1000 രൂപവെച്ചാണ് ലഭിക്കുക. അംബേദ്കര്‍ ജന്‍മ ദിനമായ ഏപ്രില്‍ 14ന് നടത്തുന്ന ലക്കി ഗ്രാഹെക് സ്‌കീം ബമ്പര്‍ നറുക്കെടുപ്പിലുടെയും സമ്മാനങ്ങള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തെ അഴിമതി ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കള്ളപ്പണക്കാര്‍ തട്ടിപ്പു നടത്തുകയാണ്. നോട്ട് വിഷയത്തില്‍ സഭ ബഹളത്തില്‍ മുങ്ങിയതിനെ അപലപിക്കുന്നതായും പാര്‍ലമെന്റില്‍ ബിനാമി പ്രോപ്പര്‍ട്ടി ബില്ല് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

ജനങ്ങളുടെ കഠിനാധ്വാന ഫലമായി ലോക തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ സൂചിക ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ജൂനിയര്‍ ഹോക്കിയില്‍ വിജയിച്ച യുവ കളിക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി മന്‍ കി ബാത്ത് ആരംഭിച്ചത്. കരുണ, ത്യാഗം എന്നിവയുടെ മഹത്വം വിളിച്ചോതുന്നതാണ് ക്രിസ്മസ്. ക്രിസ്തു പാവപ്പെട്ടവരെ സേവിക്കുക മാത്രമല്ല ചെയ്തത് പാവങ്ങളുടെ സേവനങ്ങളെ വിലമതിക്കുകയും ചെയ്തിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.