Connect with us

National

ഡല്‍ഹിയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 430 കിലോ സ്വര്‍ണക്കട്ടികള്‍ പിടികൂടി

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ചതെന്ന് കരുതുന്ന 430 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ ഡല്‍ഹിയില്‍ പിടികൂടി. ശ്രി ലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനി ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സാണ് വന്‍ സ്വര്‍ണ ശേഖരം കണ്ടെടുത്തത്. സ്വര്‍ണത്തിന് പുറമെ 2.48 കോടി രൂപയുടെ പഴയ നോട്ടുകളും 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 80 കിലോ വെള്ളിയും 15 കിലോ സ്വര്‍ണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്. സ്വര്‍ണക്കട്ടികള്‍ക്ക് മാത്രം 120 കോടി രൂപ വില വരും.

സ്‌പെഷ്യല്‍ ഇക്കണോമിക് റെഗുലേഷന്‍ പ്രകാരം നികുതിയടക്കാതെ ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് പിടിച്ചെടുത്തത്. നോട്ട് നിരോധനം വന്നതിന് പിന്നാലെ ഈ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു കമ്പനിക്ക് വന്‍ തുക ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വാങ്ങിക്കൂട്ടാനാണ് ഈ ഇടപാടെന്ന് കരുതുന്നു. പഴയ പണം സ്വര്‍ണക്കട്ടികളാക്കി മാറ്റി പിന്നീട് വിപണിയില്‍ വിറ്റഴിച്ച് പുതിയ നോട്ട് ശേഖരിക്കാനാണ് സംഘം ലക്ഷ്യമിട്ടതെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

Latest