അമേരിക്ക ചതിച്ചു; ഇസ്‌റാഈലിന് എതിരായ യുഎന്‍ പ്രമേയം പാസ്സായി

Posted on: December 24, 2016 7:37 pm | Last updated: December 25, 2016 at 3:08 pm

വാഷിംഗ്ടണ്‍: ഫലസ്തീന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഇസ്‌റാഈല്‍ നടത്തുന്ന കുടിയേറ്റ ഭവന നിര്‍മാണം തടയണമെന്ന പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ എതിരില്ലാതെ പാസ്സാക്കി. വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതോടെയാണ് 15 അംഗ കൗണ്‍സിലില്‍ 14 വോട്ടുകളോടെ പ്രമേയം പാസ്സായത്. പ്രമേയത്തെ വീറ്റോ ചെയ്യാന്‍ യുഎസിന് മേല്‍ ഇസ്‌റാഈല്‍ സമ്മര്‍ദം ശക്തമായിരുന്നുവെങ്കിലും അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം യുഎന്‍ പ്രമേയത്തെ ഇസ്‌റാഈല്‍ തള്ളി. പ്രമേയം ലജ്ജാകരമാണെന്നായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

ഇസ്‌റാഈല്‍ അധിനിവേശത്തിന് എതിരെ ഈജിപ്താണ് ആദ്യം പ്രമേയം കൊണ്ടുവന്നത്. ഇതില്‍ ഇടപെടാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇസ്‌റാഈല്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. യുഎസ് സമ്മര്‍ദം ശക്തമായതോടെ ഈജിപ്ത് പ്രമേയത്തില്‍ നിന്ന് പിന്‍വലിഞ്ഞു. ഇതോടെ മലേഷ്യ, ന്യൂസിലാന്‍ഡ്, സെനഗല്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ പ്രമേയം മുന്നോട്ടുവെക്കുകയായിരുന്നു.

പ്രമേയം വോട്ടിനെടുത്തപ്പോള്‍ ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ സാമന്ത പവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി അറിയിച്ച് കൈ ഉയര്‍ത്തുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ എല്ലാം ഇസ്റാഇൗലിനെ പിന്തുണക്കുന്ന അമേരിക്ക ഇത്തവണ വിട്ടുനിന്നത് വൻ ചർച്ചകൾക്കാണ് വഴിതുറന്നിടുന്നത്.

ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭവനനിര്‍മാണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വിലങ്ങുതടിയുമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഇസ്രയേൽ –ഫലസ്​തീൻ വിഷയത്തിൽ എട്ട്​ വർഷത്തിനുള്ളിൽ യു.എൻ സുരക്ഷ കൗൺസിലിൽ പാസാവുന്ന ആദ്യ പ്രമേയമാണിത്​.

യുഎസ് ഇസ്‌റാഈലനോട് വഞ്ചയാണ് കാണിച്ചതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.