Connect with us

Gulf

പവര്‍ ബേങ്കുകള്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാനങ്ങളില്‍ നിയന്ത്രണം

Published

|

Last Updated

ദോഹ: വിമാനയാത്രക്കാര്‍ തങ്ങളുടെ മൊബല്‍ പവര്‍ ബേങ്കുകള്‍ ലഗേജില്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിലക്ക്. ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബേങ്കുകളോ ഇലക്‌ട്രോണിക് സിഗരറ്റുകളോ മറ്റു ബാറ്ററിയുള്ള ഉപകരണങ്ങളോ കൊണ്ടു പോകരുതെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. എന്നാല്‍ പവര്‍ ബേങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാമെന്ന് അറിയിപ്പില്‍ പറയുന്നു.
ഗള്‍ഫിലേക്കു പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളിലും ഇന്ത്യന്‍ നഗരങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിദേശ വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധമാകും. പവര്‍ ബേങ്കുകളിലെ ലിഥിയം ബാറ്ററികള്‍ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. യാത്ര ചെയ്യുന്നവര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി വ്യാപകമായി ഉപയോഗിച്ചു വരുന്ന പവര്‍ ബേങ്കുകള്‍ ലഗേജുകളില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ദേശം. ഇത്തരം ഉപകരണങ്ങള്‍ ഹാന്‍ഡ് ബാഗേജില്‍ (കാബിന്‍ ബേഗേജ്) വെക്കണമെന്നാണ് ആവശ്യം.
ഗള്‍ഫ് വിമാനങ്ങള്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ നിന്നും പോകുന്ന യാത്രക്കാര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. എന്നാല്‍, ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ചെന്നിറങ്ങി നടത്തുന്ന പരിശോധനയില്‍ ഇത്തരം ഉത്പ്ന്നങ്ങള്‍ കണ്ടെത്തിയാല്‍ നടപടികള്‍ക്കു വിധേയമാകേണ്ടി വരും. ചെക്ക് ഇന്‍ ലഗേജുകള്‍ നേരത്തേ ഭദ്രമായി പായ്ക്ക് ചെയ്തു വരുന്നതിനാല്‍ ഉപകരണങ്ങള്‍ സ്‌കാനിംഗില്‍ കണ്ടെത്തിയാല്‍ അഴിച്ച് പുറത്തെടുക്കേണ്ടിയും വരും.
നേരത്തേ ഹാന്‍ഡ് ബേഗേജില്‍ കൊണ്ടു പോകുന്ന സാധനങ്ങള്‍ക്ക് നിയന്തണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തി, കത്രിക പോലുള്ള ആയുധനങ്ങള്‍, ദ്രാവക രൂപത്തിലുള്ളവ, പേസ്റ്റുകള്‍, ലോഷനുകള്‍ എന്നിവ കൊണ്ടു പോകുന്നതിനാണ് വിലക്ക്. ഇത്തരം ഉത്പന്നങ്ങളുടെ വിലക്ക് സംബന്ധിച്ച് വിമാന ടിക്കറ്റുകളില്‍ ഫോട്ടോ സഹിതം പ്രിന്റ് ചെയ്യാറുണ്ട്. എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറുകളിലും ഹാന്‍ഡ് ബേഗേജില്‍ ഉണ്ടാകാന്‍ പാടില്ലാത്ത വസ്തുക്കളുടെ പേരും ചിത്രവും രേഖപ്പെടുത്തിയ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഹാന്‍ഡ് ബേഗില്‍ കരുതുന്ന ലാപ്‌ടോപ്പ് കംപ്യൂട്ടര്‍, ടാബ്‌ലറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ സുരക്ഷാ പരിശോധനാ ഗേറ്റില്‍ ബേഗില്‍ നിന്ന് പുറത്തെടുത്താണ് സ്‌കാന്‍ ചെയ്യാറുള്ളത്.
പൊതുവേ ലഗേജില്‍ വിടുന്നതാണ് കൂടുതല്‍ സുരക്ഷിതത്വം എന്നാണ് യാത്രക്കാര്‍ കരുതാറുള്ളത്. എന്നാല്‍ പവര്‍ ബേങ്ക് പോലുള്ളവ ലഗേജില്‍ ഉള്‍പെടുത്താതെ കാബിന്‍ ബേഗേജിലേക്കു മാറ്റണമെന്നാണ് പുതിയ നിര്‍ദേശം. ബാറ്ററി ഉള്ളതിനാല്‍ മൊബൈല്‍ ഫോണുകളും ഹാന്‍ഡ് ബേഗില്‍ കൊണ്ടു പോകുന്നതാണ് സുരക്ഷിതത്വം.

Latest