പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ സമഗ്ര പരിശോധനാ സംവിധാനം ഉടന്‍

Posted on: December 24, 2016 6:56 pm | Last updated: December 24, 2016 at 6:56 pm

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ (പി എച്ച് സി സി) കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളില്‍ ചികിത്സ തേടിയെത്തുന്ന എല്ലാ രോഗികള്‍ക്കും സമഗ്ര ആരോഗ്യ പരിശോധനാ സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷണാടിസ്ഥാനത്തില്‍ ലബൈബ് ഹെല്‍ത്ത് സെന്ററില്‍ അടുത്ത മാസം പദ്ധതി തുടങ്ങും. ആദ്യഘട്ടത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള സ്വദേശികള്‍ക്കായിരിക്കും പ്രയോജനം ലഭിക്കുക. പരീക്ഷണ ഘട്ടം പൂര്‍ത്തിയായ ശേഷം പ്രവാസികളിലേക്കും പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗികളുടെ ആരോഗ്യവും ജീവിത ശൈലിയും മെച്ചപ്പെടുത്താന്‍ സഹായകമാകുന്നവിധത്തില്‍ നിര്‍ണായകമായ ആരോഗ്യ പരിശോധനകളും വിലയിരുത്തലുകളുമാണ് സ്മാര്‍ട് ആരോഗ്യ പരിശോധന പാക്കേജില്‍ ഉള്‍പ്പെടുത്തി നടത്തുക.
പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം എന്നീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള പരിശോധനകളാണ് പ്രധാനമായും നടത്തുന്നത്. സ്മാര്‍ട്ട് പരിശോധനാപദ്ധതിയുടെ ഭാഗമായി രോഗികളെ പൊതു ക്ലിനിക്കില്‍ നിന്നും നഴ്‌സിംഗ് വിഭാഗത്തിലേക്ക് അയക്കും. 20 മിനുട്ടിനുള്ളില്‍ നഴ്‌സ് രോഗിയുടെ എല്ലാ ആരോഗ്യവിവരങ്ങളും കുടുംബ പശ്ചാത്തലവും ശേഖരിക്കും. അവിടെ നിന്നും രോഗിയെ ഗൗരവമായതും അനിവാര്യവുമായ പരിശോധനകള്‍ക്കായി ലബോറട്ടറിയിലേക്ക് അയക്കും. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിക്ക് ഡോക്ടറുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം നല്‍കും. രോഗി ഏത് പി എച്ച് സി സി ഹെല്‍ത്ത് സെന്ററിലാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവിടെയാണ് ഡോക്ടറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുക. പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഡോക്ടര്‍ രോഗിക്ക് ചികിത്സ ആവശ്യമായ പ്രത്യേക വകുപ്പുകളിലേക്കോ ആശുപത്രികളിലേക്കോ റഫര്‍ ചെയ്യും.