Connect with us

Gulf

പുതുവത്സരവും ക്രസ്മസും ആഘോഷത്തിമിര്‍പ്പില്‍ തലസ്ഥാനം

Published

|

Last Updated

അബുദാബി: പുതുവത്സരവും ക്രസ്തുമസും പ്രമാണിച്ച് ആഘോഷത്തിമിര്‍പ്പിലായിരിക്കുകയാണ് തലസ്ഥാന നഗരി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു ശൈത്യം കൂടിയതും ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു. തലസ്ഥാനത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ അല്‍ വഹ്ദ മാള്‍, മുശ്‌രിഫ് മാള്‍, മറീന മാള്‍, അബുദാബി മാള്‍, മദീന സായിദ് ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിളിലും എമിറേറ്റ്‌സ് പാലസിലും ആഘോഷങ്ങള്‍. കഴിഞ്ഞു. അല്‍ മരിയ ദ്വീപ്, യാസ് ദ്വീപ്, മറീന എന്നിവിടങ്ങളില്‍ പുതുവത്സര ദിനത്തില്‍ കരിമരുന്നുപ്രയോഗവും ഒരുക്കിയിട്ടുണ്ട്.
രാജ്യത്ത് ശൈത്യം കൂടിയത് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്ന് മാള്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പാര്‍കുകളിലും സന്ദര്‍ശകരുടെ തിരക്കേറുകയാണ്. നല്ല കാലാവസ്ഥയായതോടെ രാവിലെ മുതല്‍ രാത്രിവരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് പാര്‍കുകളില്‍ നടക്കുന്നത്. വിവിധ രാജ്യക്കാരായ പ്രവാസി സമൂഹമാണ് പാര്‍കുകളില്‍ ഒത്തുകൂടുന്നതിലധികവും. ബാര്‍ബെക്യൂ ചെയ്യലും ശീശ വലിയുമെല്ലാം സാധാരണ കാര്യങ്ങളാണെങ്കിലും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കാണ് മിക്ക പാര്‍കുകളിലുമിപ്പോള്‍. ഫിലിപ്പിനോ സ്വദേശികളുടെ കൂട്ടായ്മകളാണ് പാര്‍കുകളില്‍ കൂടുതലും ക്രിസ്മസ് ആഘോഷിക്കാനെത്തുന്നത്. കരോള്‍ ഗാനങ്ങളാലപിച്ചും ഒരുമിച്ച് കേക്ക് മുറിച്ചുമൊക്കെയാണ് ആഘോഷങ്ങള്‍. പലതരം സംഗീതോപകരണങ്ങളുമായെത്തുന്ന സംഘം ആടിയും പാടിയും ആഘോഷിക്കുന്നു.
വലിയ സ്പീക്കറുകളും ഗിറ്റാറും കീബോര്‍ഡുമൊക്കെയായാണ് സംഘത്തിന്റെ വരവ്. ടെന്റുകള്‍ സ്ഥാപിച്ചും പാര്‍കുകളെ പ്രത്യേക ഭാഗങ്ങളാക്കി തിരിച്ച് അലങ്കരിച്ചുമൊക്കെയാണ് പരിപാടികള്‍. വീടുകളില്‍ പാകം ചെയ്ത ഭക്ഷണമായെത്തിയും തത്സമയം പാകം ചെയ്തുമെല്ലാം വാരാന്ത്യങ്ങള്‍ കൊഴുപ്പിക്കുന്നു. വിവിധ പ്രായക്കാര്‍ ഒത്തുചേര്‍ന്ന് പലതരം കളികളും സംഘടിപ്പിക്കുന്നു.

Latest