ഓസ്‌കര്‍ ഗോസ് ടു..ചൈന !

Posted on: December 24, 2016 11:17 am | Last updated: December 24, 2016 at 11:17 am

ലണ്ടന്‍: ചെല്‍സിയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഓസ്‌കര്‍ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബിലേക്ക്. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ അറുപത് ദശലക്ഷം പൗണ്ടിന്റെ കരാറില്‍ ഇരുപത്തഞ്ചുകാരന്‍ ഷാംഗ്ഹായ് എസ് ഐ പി ജി ക്ലബ്ബിലെത്തും. ഇക്കാര്യം ചെല്‍സി ക്ലബ്ബ് സ്ഥിരീകരിച്ചു. 2012 ലാണ് ഓസ്‌കര്‍ ചെല്‍സിയിലെത്തുന്നത്. ബ്രസീലിയന്‍ ക്ലബ്ബ് ഇന്റര്‍നാഷണലില്‍ നിന്ന് 25 ദശലക്ഷം പൗണ്ടിന് ചെല്‍സി സ്വന്തമാക്കിയ താരത്തിന് ചൈനീസ് ക്ലബ്ബ് പൊന്നും വിലയാണ് നല്‍കുന്നത്.

203 മത്സരങ്ങളില്‍ ചെല്‍സിക്കായി കളിച്ച ഓസ്‌കര്‍ മുപ്പത്തെട്ട് ഗോളുകള്‍ നേടി. ഒക്‌ടോബര്‍ മുതല്‍ക്ക് അന്റോണിയോ കോന്റെയുടെ ചെല്‍സിയില്‍ ഓസ്‌കറിന് കാര്യമായ റോളില്ല. ചെല്‍സിക്കൊപ്പം പ്രീമിയര്‍ ലീഗ്, യൂറോപ ലീഗ്, ലീഗ് കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.