Kerala
മോദിയുടെ നയമല്ല പോലീസിനെന്ന് കോടിയേരി

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത് മോദി സര്‍ക്കാറിന്റെയോ മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യു എ പി എ ഉപയോഗിക്കാവൂ എന്നതാണ് ഇടതു സര്‍ക്കാറിന്റെ നയം.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ പോലീസിന്റെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അടുത്ത കാലത്തായി പാര്‍ട്ടിയേയും മുന്നണിയേയും ഗ്രസിച്ചിരിക്കുന്ന വിവാദ വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ദേശീയ ഗാനത്തെ മോദി സര്‍ക്കാര്‍ വിവാദ വിഷയമാക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി. നവംബര്‍ 30ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സംഘ്പരിവാര്‍ ശക്തികള്‍ ആയുധമാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിക്കാനുള്ള ബാധ്യത ഭരണഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഏതൊരു സര്‍ക്കാറിനുമുണ്ട്.
ആ നിലപാട് എല്‍ ഡി എഫ് സര്‍ക്കാറും സ്വീകരിക്കേണ്ടിവരുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.