കര്‍ണാടകയില്‍ എ ടി എമ്മുകളില്‍ എത്തേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക്

Posted on: December 24, 2016 9:01 am | Last updated: December 24, 2016 at 12:03 am

ബെംഗളൂരു: രാജ്യത്ത് ഏറ്റവും അധികം കള്ളപ്പണവേട്ട നടന്ന കര്‍ണാടകയില്‍ എ ടി എം കൗണ്ടറുകള്‍ ഭൂരിഭാഗവും ഇപ്പോഴും അടഞ്ഞു തന്നെ. എ ടി എമ്മുകളില്‍ നിറ ക്കാനെന്ന് പറഞ്ഞ് ബേങ്കുകളില്‍ നിന്ന് കൊണ്ടുപോകുന്ന പുതിയ രണ്ടായിരം രൂപയുടെ ലക്ഷക്കണക്കിന് വരുന്ന നോട്ടുകെട്ടുകള്‍ എത്തുന്നത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് കരാറുകാരുടെയും വീടുകളിലേക്കാണ്.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പ്രതിക്കൂട്ടിലായത്. ബേങ്ക് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് എ ടി എമ്മുകളില്‍ നിറക്കാനുള്ള പണം ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് എത്തുന്നതെന്ന് സി ബി ഐയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും സ്ഥായിയായ പരിഹാര നടപടികള്‍ നീളുകയാണ്. പുതിയ രണ്ടായിരം രൂപയും 100 രൂപ ചില്ലറയും കൈപ്പറ്റാന്‍ ദിവസം കഴിയുന്തോറും ബേങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. ജനത്തിരക്ക് പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനാല്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് സേനയും നിലയുറപ്പിച്ചിട്ടുണ്ട്.

ആയിരം രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നാണ് വ്യാപാരികള്‍ 2000 രൂപ നോട്ട് സ്വീകരിക്കുന്നത്. എ ടി എമ്മുകളുടെ പ്രവര്‍ത്തനം ആഴ്ചകള്‍ കഴിഞ്ഞിട്ടും സാധാരണ നിലയിലാക്കാന്‍ സാധിക്കാത്തത് ജനരോഷത്തിനിടയാക്കിയിട്ടുണ്ട്. തുറന്നുപ്രവര്‍ത്തിക്കുന്ന ചില എ ടി എമ്മുകളില്‍ മണിക്കൂറുകള്‍ക്കകം തന്നെ പണം തീരുകയാണ്. ഇതോടെ സാധാരണക്കാരും കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളാണ് ഏറെയും ദുരിതത്തിലായിരിക്കുന്നത്. നാട്ടിലേക്ക് പണം അയച്ചുകൊടുക്കാനോ, താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് വാടക നല്‍കാനോ സാധിക്കാതെ നട്ടം തിരിയുകയാണ് മലയാളികള്‍.