Connect with us

Kerala

പുറ്റിങ്ങില്‍ വെടിക്കെട്ട് ദുരന്തം: 37 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കുറ്റപത്രം

Published

|

Last Updated

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതിപ്പട്ടികയിലുള്ള 37 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം. 57 പേരുള്ള പ്രതിപ്പട്ടികയില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാര്‍ക്കുമെതിരേയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ നടന്നത് മത്സര കമ്പമാണെന്നും സംഘാടകരോ കമ്പക്കാരോ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കൃത്യവിലോപത്തില്‍ ഗുരുതര വീഴ്ച്ച വരുത്തിയ പോലീസ്- റവന്യൂ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

2016 ഏപ്രില്‍ 10നായിരുന്നു 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം നടന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അന്നേ ദിവസം പുലര്‍ച്ചെ 3.30ന് നടത്തിയ മത്സരക്കമ്പത്തിനിടെ പാതി പൊട്ടിയ അമിട്ട് കമ്പപ്പുരക്കു മുകളില്‍ വീഴുകയും കൂട്ടിവച്ചിരുന്ന സ്‌ഫോടക ശേഖരം പൊട്ടിത്തെറിക്കുകയുമായിരുന്നു. അടുത്തിടെ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഈ ദുരന്തത്തില്‍ 110 പേര്‍ മരിച്ചതിന് പുറമെ 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നേരത്തേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മീഷന്‍ ആയി നിയമിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ രാജിവെക്കുകയും പിന്നീട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുവെക്കുകയായിരുന്നു.
അതേസമയം, വെടിക്കെട്ട് അനുമതി നല്‍കാന്‍ ഇടപെട്ട ഉദ്യോഗസ്ഥരെയും ജനപപ്രതിനിധികളെയുമെല്ലാം ഒഴിവാക്കിയ കുറ്റപത്രത്തിനെതിരേ ആക്ഷേപമുയര്‍ന്നിട്ടുണ്ട് ക്ഷേത്രം ഭാരവാഹികള്‍, വെടിക്കെട്ടു കരാറുകാര്‍, ഇവരുടെ ജോലിക്കാര്‍ എന്നിവരെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ഇടപെട്ടെന്നാരോപണം ഉയര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും വെടിക്കെട്ട് നടത്താന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയ പരവൂര്‍ സി ഐ, ചാത്തന്നൂര്‍ എസി പി, ഫയര്‍ ഫോഴ് ഉദ്യോഗസ്ഥര്‍, ജില്ലാകലക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടന്നപ്പോള്‍ തടയാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത് സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ജില്ലാകലക്ടറുടെ അനുമതി ലഭിച്ചതിന് ശേഷം അടുത്തമാസം കോടതിയില്‍ സമര്‍പ്പിച്ചേക്കും.

---- facebook comment plugin here -----

Latest