Connect with us

International

ലിബിയന്‍ വിമാനം റാഞ്ചിയ ഭീകരര്‍ കീഴടങ്ങി

Published

|

Last Updated

വല്ലെറ്റ: ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തിയ വിമാനം തട്ടിക്കൊണ്ടുപോയി മാള്‍ട്ടയില്‍ ഇറക്കി. ഗ്രനേഡ് ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 118 യാത്രക്കാരുള്ള വിമാനം മാള്‍ട്ടയില്‍ ഇറക്കിയത്. ഗദ്ദാഫി അനുകൂലികളാണ് തങ്ങളെന്നാണ് വിമാനം തട്ടിക്കൊണ്ടുപോയവര്‍ ജീവനക്കാരോട് പറഞ്ഞത്. മാള്‍ട്ടയില്‍ ഇറക്കിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞതോടെ റാഞ്ചികള്‍ കീഴടങ്ങിയെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചതായും മാള്‍ട്ടാ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിബിയയിലെ സെബയില്‍ നിന്ന് ട്രിപ്പോളിയിലേക്ക് പോയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഫ്രിക്കിയ എയര്‍വേയ്‌സിന്റെ എ 320 എയര്‍ബസാണ് തട്ടിക്കൊണ്ടുപോയത്. വിമാനം മാള്‍ട്ടയിലിറക്കിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കത്ത് സ്ഥിരീകരിച്ചു.
എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി മാള്‍ട്ട വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. മാള്‍ട്ടയിലേക്കുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. ഗ്രനേഡുകള്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മാള്‍ട്ടയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രിപ്പോളിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയായി, മെഡിറ്ററേനിയനില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് മാള്‍ട്ട.
വിമാനം മാള്‍ട്ടയില്‍ ഇറങ്ങിയ ശേഷവും 45 മിനുട്ടോളം യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടു പോയതായി പൈലറ്റാണ് ട്രിപ്പോളി കണ്‍ട്രോള്‍ ടവറില്‍ അറിയിച്ചത്. പിന്നീട് വിമാനവുമായുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു.

28 സ്ത്രീകളും ഒരു കൈക്കുഞ്ഞും ഉള്‍പ്പെടെ 111 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ ജീവനക്കാരെ ഒഴികെയുള്ളവരെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് “ഗദ്ദാഫി അനുകൂലികള്‍” പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മാള്‍ട്ടയില്‍ രാഷ്ട്രീയ അഭയം വേണമെന്ന ആവശ്യമാണ് അവര്‍ ഒടുവില്‍ മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്. പാശ്ചാത്യ പിന്തുണയോടെയുള്ള സായുധ പ്രക്ഷോഭത്തിനൊടുവില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെടുകയായിരുന്നു. ഇപ്പോള്‍ ലിബിയയില്‍ രണ്ട് സര്‍ക്കാറും പാര്‍ലിമെന്റുമാണ് ഭരണം കൈയാളുന്നത്.

Latest