കാറോ ബൈക്കോ വാങ്ങണമെങ്കില്‍ പാര്‍ക്കിംഗ് സ്ഥലമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ കാണിക്കണം

Posted on: December 23, 2016 10:56 am | Last updated: December 23, 2016 at 1:30 pm

ന്യൂഡല്‍ഹി: കാറോ ബൈക്കോ വാങ്ങണമെങ്കില്‍ ഇനി മുതല്‍ പാര്‍ക്കിംഗ് സ്ഥലമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ കൂടി ഹാജരാക്കേണ്ടി വരും. ഇക്കാര്യം നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് കേന്ദ്രനഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിനും നഗരങ്ങളിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും അറുതി വരുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

ടോയ്‌ലറ്റുകളില്ലാതെ കെട്ടിടങ്ങള്‍ പണിയാനും അനുമതി നല്‍കില്ലെന്ന് മന്ത്രി പറഞ്ഞു. ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായും സംസ്ഥാന മന്ത്രിമാരുമായും ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ പക്ഷെ എത്രത്തോളം പ്രാവര്‍ത്തികമാണെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.