ഇതര സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ ഓപറേഷന്‍ ഭായ്

Posted on: December 23, 2016 9:42 am | Last updated: December 23, 2016 at 9:42 am

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായുള്ള പരാതിെയത്തുടര്‍ന്ന് ഇവര്‍ കൂട്ടമായി താമസിക്കുന്ന ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ പി കെ സുരേഷ് അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗം തടയാനായി ‘ഓപറേഷന്‍ ഭായ്’ എന്ന പേരില്‍ ജില്ലയിലുടനീളം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊയിലാണ്ടി റെയ്ഞ്ചിന്റെ പരിധിയില്‍പ്പെട്ട കീഴരിയൂര്‍, മാവട്ടുമല പ്രദേശങ്ങളില്‍ പേരാമ്പ്ര സര്‍ക്കിള്‍, കൊയിലാണ്ടി റെയ്ഞ്ച്, സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടികള്‍, പോലീസ്, റവന്യൂ തുടങ്ങിയ മറ്റു ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവട്ടുമല പ്രദേശത്തുനിന്ന് 300 ലിറ്റര്‍ വാഷും 20.4 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. എരഞ്ഞിക്കല്‍, അമ്പലപ്പടി ഭാഗങ്ങളിലെ മദ്യവില്‍പ്പന സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കോഴിക്കോട് സര്‍ക്കിള്‍, ചേളന്നൂര്‍ റെയ്ഞ്ച് പാര്‍ട്ടികള്‍ പ്രദേശങ്ങളില്‍ റെയ്ഡുകള്‍ നടത്തി. കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ വൈകുന്നേരങ്ങളിലെ മദ്യവില്‍പ്പന സംബന്ധിച്ച പരാതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ 59 തവണ പഞ്ചായത്ത്തല യോഗങ്ങളും ഒരു നിയോജക മണ്ഡലതല യോഗവും 49 ബോധവത്കരണ പരിപാടികളും നടത്തി. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടു വരുന്നത് തടയുന്നതിനായി കോംമ്പിംഗ് ഓപറേഷനുകള്‍ പല സമയങ്ങളിലായി സംഘടിപ്പിച്ച് വാഹന പരിശോധന നടത്തി വരുന്നു. ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉത്പാദനം, വിപണനം, വിതരണം എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാസം അഞ്ച് മുതല്‍ ജനുവരി അഞ്ച് വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ആയി പ്രഖ്യാപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിവിഷനില്‍ 940 റെയ്ഡുകളും, 23 കമ്പയിന്റ് റെയ്ഡുകളും നടത്തി. ഇതിനെ തുടര്‍ന്ന് 201 അബ്കാരി കേസുകളും, 10 എന്‍ ഡി പി എസ് കേസുകളും, 427 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും എടുത്തു. 163 പ്രതികളെ അറസ്റ്റ് ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് 31.01 ലിറ്റര്‍ ചാരായവും 345.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും, 231.05 ലിറ്റര്‍ മാഹി വിദേശ മദ്യവും, 3975 ലിറ്റര്‍ വാഷും, 0.825 കി. ഗ്രാം കഞ്ചാവും, 78 ബിയറും, 51.45 കി. ഗ്രാം പുകയില ഉത്പന്നങ്ങളും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി 702 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിച്ച് 274 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനക്ക് അയച്ചു. ഈ കാലയളവില്‍ 16,700 വാഹനങ്ങളും ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 34 തവണ ട്രെയിന്‍ പരിശോധനയും നടത്തി. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) കെ കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍, ജനകീയ സമിതി അംഗങ്ങള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.