എന്‍ ഐ എയുടെ അധികാര പരിധി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം

>>മനുഷ്യക്കടത്ത് ആയുധ ഇടപാട് അന്വേഷണം എന്‍ ഐ എയുടെ കീഴിലാക്കാന്‍ ആലോചന ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് വിമര്‍ശം
Posted on: December 23, 2016 6:16 am | Last updated: December 23, 2016 at 12:19 am

ന്യൂഡല്‍ഹി്: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) അധികാര പരിധി കൂടുതല്‍ വ്യാപിപ്പിക്കാന്‍ എന്‍ ഡി എ സര്‍ക്കാര്‍ ആലോചിക്കുന്നു. മനുഷ്യക്കടത്ത്, ആയുധ ഇടപാട്, വെബ്‌സൈറ്റ് ഹാക്കിംഗ്, സ്‌ഫോടക വസ്തു നിയമ ലംഘനം തുടങ്ങിയ മേഖലകള്‍ കൂടി എന്‍ ഐ എയുടെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലോ ഏറ്റെടുക്കുന്നതിലോ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് അനുവാദം തേടേണ്ട അവസ്ഥ കേന്ദ്ര ഏജന്‍സിക്ക് വരുന്നത് അവസാനിപ്പിക്കുന്നതിനും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വഴിതേടുന്നുണ്ട്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം 2009ലാണ് ഇത്തരത്തിലുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് മുന്‍ യു പി എ സര്‍ക്കാര്‍ എന്‍ ഐ എക്ക് രൂപം നല്‍കിയത്. യു എ പി എ അടക്കം എട്ട് നിയമങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു ഏജന്‍സിയുടെ ദൗത്യം. മറ്റൊരു കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയില്‍ നിന്ന് വ്യത്യസ്തമായി, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാനത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കേണ്ട എന്നതാണ് എന്‍ ഐ എയുടെ പ്രത്യേകത. എന്നാല്‍, ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാരത്തര്‍ക്കത്തിലേക്ക് ഇത്തരം കേസന്വേഷണം പലപ്പോഴും എത്തിപ്പെടാറുണ്ട്.

നേരത്തെ, യു പി എ സര്‍ക്കാര്‍ എന്‍ ഐ എ രൂപവത്കരിച്ചപ്പോള്‍ അതിനെതിരെ നരേന്ദ്ര മോദിയടക്കം രൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയിരുന്നത്. ഹിന്ദുത്വ തീവ്രവാദ സംഘങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ എന്‍ ഐ എ അന്വേഷണം ഊര്‍ജിതമായപ്പോള്‍ അവര്‍ വിമര്‍ശം ഒന്നുകൂടി കടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2014ല്‍ കേന്ദ്രത്തില്‍ അധികാരം ലഭിച്ചതോടെ ബി ജെ പി അവരുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയിത്തുടങ്ങി. യു എ പി എയില്‍ അവര്‍ നിരവധി ഭേദഗതികള്‍ നിര്‍ദേശിക്കുകയും ഇന്ത്യക്ക് പുറത്തുള്ള കുറ്റകൃത്യങ്ങള്‍ പോലും അന്വേഷിക്കുന്നതിന് എന്‍ ഐ എക്ക് അധികാരം നല്‍കുകയും ചെയ്തു. ഭീകരവാദവുമായി നേരിട്ട് ബന്ധമില്ലാത്ത വെടിക്കോപ്പുകളുടെ കള്ളക്കടത്തും വില്‍പ്പനയും വരെ എന്‍ ഐ എയുടെ അന്വേഷണ പരിധിയിലാക്കുകയും ചെയ്തു.
അതേസമയം, എന്‍ ഐ എക്ക് കൂടുതല്‍ അധികാരങ്ങള്‍ അനുവദിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ നിയമപരിപാലനാധികാരം ക്രമേണ നഷ്ടമാകുകയാണ് ചെയ്യുകയെന്നും ഇത് ഫെഡറല്‍ സംവിധാനത്തിന്റെ നാശത്തിലേക്കുള്ളതാണെന്നും ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് കോണ്‍ഫഌക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അജയ് സാഹ്‌നി അഭിപ്രായപ്പെട്ടു.